ആന്ധ്രാപ്രദേശിലെ കോഡൂരിൽ പൊലീസ് 2 ലക്ഷം കിലോ കഞ്ചാവ് കത്തിക്കുന്നു (ഫയൽ ചിത്രം) 

ഇന്ന് കഞ്ചാവും കറുപ്പും കൂട്ടിയിട്ട് കത്തിക്കും; ആയിരമല്ല, പതിനായിരമല്ല, 21,000 കിലോ!

ബംഗളൂരു: ബംഗളൂരു നഗരത്തിൽ വിവിധ കാലങ്ങളിൽ പൊലീസ് പിടികൂടിയ 21 ടൺ മയക്കുമരുന്ന് ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും. കഞ്ചാവ്, കറുപ്പ്, ഹെറോയിന്‍, കൊക്കെയ്ന്‍ എന്നിവയും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകളും ഉള്‍പ്പെടെയാണ് നശിപ്പിക്കുകയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡി.ജി.പി) പ്രവീണ്‍ സൂദ് പറഞ്ഞു.

മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമാണ് ഇന്ന്. ഇതോടടനുബന്ധിച്ചാണ് 25.6 കോടി രൂപ വിലമതിക്കുന്ന വിവിധ സൈക്കോട്രോപിക്, മയക്കുമരുന്ന് വസ്തുക്കള്‍ നശിപ്പിക്കുന്നത്. പിടികൂടിയ 21 ടണ്‍ മയക്കുമരുന്ന് നടപടിക്രമങ്ങളും കോടതിയുടെ അനുമതിയും ലഭിച്ചാല്‍ ഞായറാഴ്ച നശിപ്പിക്കാനാണ് തീരുമാനം. 50 ശതമാനത്തിലധികം മയക്കുമരുന്നും ബംഗളൂരു സിറ്റിയില്‍നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം ഇതേദിവസം 50.23 കോടി രൂപയുടെ 24 ടണ്‍ മരുന്നുകള്‍ നശിപ്പിച്ചതിന്റെ തുടര്‍ച്ചയായാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8505 എന്‍.ഡി.പി.എസ് ആക്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 7846 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായവരില്‍ 185 പേര്‍ വിദേശികളാണ്. ആകെയുള്ള 5363 കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയതായും ഡി.ജി.പി അറിയിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിലെ കോഡൂരിൽ പൊലീസ് 2 ലക്ഷം കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടിയ അളവിൽ മയക്കുമരുന്ന് നശിപ്പിച്ച സംഭവമായിരുന്നു അത്. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും കത്തിക്കാൻ നേതൃത്വം നൽകിയ പൊലീസുകാർക്കും ലഹരി ബാധിക്കുമോ എന്നകാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച നടന്നിരുന്നു. എന്നാൽ, പലർക്കും തലവേദന ഉണ്ടായതല്ലാതെ ലഹരി ബാധിച്ചിരുന്നില്ല.

'കഞ്ചാവ് കത്തിച്ചപ്പോൾ ഞങ്ങളിൽ ആർക്കും ലഹരി ബാധിച്ചിരുന്നില്ല. എന്നാൽ ചിലർക്ക് നേരിയ തലവേദനയുണ്ടായിരുന്നു. ആളിക്കത്തുന്ന തീയും കനത്ത പുകയും കാരണമാണ് തലവേദനിച്ചത്' -സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ പറഞ്ഞു. കഞ്ചാവിന്റെ പുക കുറയ്ക്കാൻ പഞ്ചസാരയും കർപ്പൂരവും ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്ന് ഇല്ലാതാക്കാനുള്ള 'ഓപ്പറേഷൻ പരിവർത്തന'യുടെ ഭാഗമായിട്ടായിരുന്നു കൂട്ട കത്തിക്കൽ. അന്ന് നശിപ്പിച്ച കഞ്ചാവിന് ഏകദേശം 500 കോടിയോളം വില വരുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Police to burn 21 tonnes of narcotics on International Day against Drug Abuse and Illicit Trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.