ന്യൂഡൽഹി: ഡൽഹിയിൽ ഈസ്റ്റർ ആഘോഷങ്ങൾക്ക് അനുമതിയില്ലെന്ന് പൊലീസ്. ഈസ്റ്റർ ദിന പ്രാർഥനകൾക്കും ചടങ്ങുകൾക്കും മൈക്കടക്കം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും പൊലീസ് സുരക്ഷ തേടിയും നൽകിയ കത്തിന് ഒറ്റവാക്കിൽ അനുമതിയില്ല എന്നാണ് ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസിന്റെ (ഡി.സി.പി) മറുപടി.
ഡൽഹി ഗഡിയിലെ ചർച്ച് ഓഫ് ട്രാൻസ്ഫിഗറേഷൻ വികാരിയായ ഫ്രാൻസിസ് പ്രസാദാണ് അനുമതി തേടി പൊലീസിന് കത്തു നൽകിയത്. ദുഃഖവെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണി മുതൽ 5.30 വരെയും ഞായറാഴ്ച വൈകീട്ട് ഏഴുമുതൽ പുലർച്ചെ ഒരുമണി വരെയും നടക്കുന്ന ചടങ്ങുകളിലും ഈസ്റ്റർ ദിവസം രാവിലെ നടക്കുന്ന ഞായറാഴ്ച കുർബാനക്കും സംരക്ഷണം തേടിയിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കുന്ന ചടങ്ങിൽ 700ഓളം ആളുകൾ പങ്കെടുക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു.
പതിവായി കത്തിന് മറുപടി നൽകാറില്ലെങ്കിലും പൊലീസ് സംരക്ഷണമൊരുക്കാറുണ്ടായിരുന്നു. എന്നാൽ ഇക്കുറി അനുമതി ഇല്ല എന്ന ഡി.സി.പിയുടെ മറുപടി പള്ളി അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. പള്ളിക്കകത്ത് നടക്കുന്ന കുർബാനയടക്കമുള്ള ചടങ്ങുകൾ പതിവുപോലെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഓശാന ഞായറാഴ്ച കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് വാർത്തയായിരുന്നു. തുടർന്ന് സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് നടപടിയെന്ന് വ്യാഖ്യാനിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.