കൊൽക്കത്തയിലെ ഇ.ഡി റെയ്ഡ്: അമിത് ഷായുടെ ഓഫിസിന് പുറത്ത് പ്രതിഷേധിച്ച മഹുവ മൊയ്ത്ര പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി:  രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ​'ഐ-പാക്​' ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡിൽ പ്രതിഷേധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസിനു പുറത്ത് പ്രതിഷേധിച്ച തൃണമൂൽ കോൺ​ഗ്രസ് എം.പിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മഹുവ മൊയ്ത്ര, ഡെറിക് ഒബ്രെയ്ൻ എന്നീ എം.പിമാരടക്കമാണ് കസ്റ്റഡിയിലുള്ളത്. ഇരുവരെയും പൊലീസ് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മോദിയുടെയും അമിത് ഷായുടെയും വൃത്തികെട്ട രാഷ്ട്രീയത്തെ തള്ളിക്കളയുന്നു എന്ന പ്ലക്കാർഡുകളുമായാണ് തൃണമൂൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചത്. ഇ.ഡി റെയ്ഡ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതും പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അവഹേളിക്കാനുള്ളതുമാണ് എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ആരോപണം.

''ഇ.ഡിയെ ആഭ്യന്തര വകുപ്പ് ദുരുപയോഗം ചെയ്യുന്നത് എങ്ങനെയെന്ന് പശ്ചിമ ബംഗാളും ഇന്ത്യ മുഴുവനും കണ്ടുവെന്ന് മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ, സ്ട്രാറ്റജിക് വിവരങ്ങൾ കൊള്ളയടിക്കാനാണ് ഇ.ഡിയെ അവർ അയച്ചിരിക്കുന്നത്. തങ്ങളുടെ പാർട്ടിയുടെ സ്വത്തുക്കൾ മമത ബാനർജി സംരക്ഷിക്കുമെന്നും അവർ പറഞ്ഞു.

​വ്യാഴാഴ്ചയാണ് ഐപാകിന്റെ(ഐ.പി.എ.സി) കൊൽക്കത്തയിലെ ഓഫിസിൽ ഇ.ഡി റെയ്ഡ് നടത്തിയത്. ഡൽഹിയിൽ നേരത്തേ രജിസ്റ്റർ ചെയ്ത കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് നടപടി എന്നാണ് റെയ്ഡിനെ കുറിച്ച് ഇ.ഡി നൽകിയ വിശദീകരണം.

ഇതാദ്യമായാണ് ഒരു സ്വകാര്യ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്പനി ഇ.ഡി പരിശോധനക്ക് വിധേയമാകുന്നത്. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുമ്പാണ് ഇ.ഡി റെയ്ഡ് നടക്കുന്നത് എന്നതും ശ്രദ്ധേയം.

പ്രശാന്ത് കിഷോർ സ്ഥാപിച്ച ഐപാക് 2014ലെ ബി.ജെ.പിയുടെ ലോക്സഭ പ്രചാരണത്തിലൂടെയാണ് ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്.

2015 ൽ നിതീഷ് കുമാറുമായും 2017 ൽ പഞ്ചാബിലും ഉത്തർപ്രദേശിലും കോൺഗ്രസുമായും 2019 ൽ ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ.സി.പി നേതാവ് ജഗൻ മോഹൻ റെഡ്ഡിയുമായും 2019 ലും 2024 ലും മഹാരാഷ്ട്രയിൽ ശിവസേനയുമായും 2020 ലും 2025 ലും ഡൽഹിയിൽ എ.എ.പിയുമായും 2021 ൽ ഡിഎംകെയുമായും ഏജൻസി ഒരുമിച്ചു പ്രവർത്തിച്ചു. 2021 മുതൽ ടി.എം.സിക്കു വേണ്ടി പ്രവർത്തിക്കുകയാണ്. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയുടെ പ്രചാരണ തന്ത്രങ്ങളും കൈകാര്യം ചെയ്യുന്നത് ഐപാക് ആണ്.

പശ്ചിമ ബംഗാളിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചതിൽ നിർണായക പങ്കു വഹിച്ചത് ‘ഐ-പാക്’ ആയിരുന്നു. റെയ്ഡ് നടക്കുന്ന വിവരമറിഞ്ഞ് മമത കുതിച്ചെത്തുകയും നിർണായക രേഖകൾ ഇ.ഡി പിടിച്ചെടുത്തുവെന്ന് പുറത്തുവന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

അതിനിടെ ഇ.ഡി റെയ്ഡിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെ രംഗത്തുവന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വകുപ്പ് പോലെയാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്നും തെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം അവർ പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണെന്നും അവർ വിമർശിച്ചു. ഏജൻസിയുടെ വിശ്വാസ്യതയും പ്രശസ്തിയും പൂർണമായും നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ 11 വർഷത്തിനിടെ എത്ര ഇ.ഡി കേസുകൾ അവസാനിച്ചുവെന്നും അവർ ചോദിച്ചു.

  

Tags:    
News Summary - Police detain TMC MPs Mahua Moitra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.