സ്കൂളിൽ ഇസ്‍ലാമിക പ്രാർഥന: അധ്യാപകന്‍റെ സസ്‍പെൻഷന് സ്റ്റേ
ന്യൂഡൽഹി: സർക്കാർ സ്കൂളിലെ വിദ്യാർഥികളെ ഇസ്‍ലാമിക് പ്രാർഥനകൾ ചൊല്ലാനും മുസ്‍ലിം വേഷം ധരിക്കാനും നിർബന്ധിച്ചെന്ന ആരോപണത്തെ തുടർന്ന് പുറത്താക്കിയ അധ്യാപകന്‍റെ സസ്‍പെൻഷൻ സ്റ്റേ ചെയ്ത് അലഹബാദ് ഹൈകോടതി.
ആരോപണം സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കുന്നതു വരെയാണ് മുഹമ്മദ് അൻസാർ അഹ്മദ് എന്ന അധ്യാപകനെതിരെയുള്ള നടപടിക്ക് ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ സ്റ്റേ ഉത്തരവ് നൽകിയത്. അന്വേഷണം കർശനമായും നിയമാനുസൃതം നടത്തി 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്.
രാവിലത്തെ പ്രാർഥനക്കുമുമ്പ് എല്ലാ വിദ്യാർഥികളും അല്ലാമ ഇഖ്‌ബാലിന്‍റെ പദ്യം ചൊല്ലണമെന്നും മറ്റു മതക്കാരായ പെൺകുട്ടികളും ഹിജാബ് ധരിക്കണമെന്നും ആൺകുട്ടികൾ തൊപ്പി വെക്കണമെന്നും നിർബന്ധിച്ചുവെന്നാണ് അധ്യാപകനെതിരെയുള്ള ആരോപണം. ആരോപണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ ഹെഡ്‍മാസ്റ്ററുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് അൻസാർ ഉൾപ്പെടെ പലരെയും സസ്‍പെൻഡ് ചെയ്തു. സംഫാലിലെ വിദ്യാഭ്യാസ ഓഫിസർ ഇറക്കിയ സസ്‍പെൻഷൻ ഉത്തരവ് ചോദ്യം ചെയ്താണ് മുഹമ്മദ് അൻസാർ കോടതിയെ സമീപിച്ചത്. ആരോപണ വിധേയമായ കാര്യങ്ങൾ സ്കൂളിൽ നടക്കുമ്പോൾ താൻ അവധിയിൽ ആയിരുന്നെന്നാണ് അധ്യാപകൻ വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.