മുംബൈ: മുംബൈയിൽ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഘത്തെ തകർത്ത് വാന്റായ് പൊലീസ്. സംഘത്തിൽനിന്ന് 38 ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു മോർ (47), വീട്ടുജോലിക്കാരിയായ മംഗൾ മോർ (35), ഫാത്തിമ ശൈഖ് (37), പ്ലംബർ മുഹമ്മദ് ഖാൻ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് രണ്ടിന് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോരേഗാവ് ഈസ്റ്റിലാണ് സംഭവം നടന്നത്. കുഞ്ഞിനെ ഫുട്പാത്തിൽ നിന്ന് കാണാതായതായി പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളായ സുരേഷും സോണി സലാത്തും വസായിലേക്കുള്ള ട്രെയിൻ കാത്തിരിക്കവേ ഉറങ്ങിപ്പോയപ്പോൾ പ്രതികൾ കുട്ടിയെ മോഷ്ടിക്കുകയായിരുന്നു.
ഇന്റലിജൻസ്, സാങ്കേതിക നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംശയിക്കുന്നവരെ കണ്ടെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.
ഭാരതീയ ന്യായ സംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘടിതമായി കുട്ടികളെ കടത്തുന്ന റാക്കറ്റിന്റെ ഭാഗമായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.