ബലാത്സംഗക്കേസിൽ 10 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി; പ്രതിക്ക് ജീവപര്യന്തം തടവ്

ലഖ്‌നോ: ബലാത്സംഗക്കേസിൽ 10 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് യു.പിയിലെ പോക്‌സോ കോടതി. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുള്ള പോക്സോ കോടതിയാണ് റെക്കോർഡ് വേഗത്തിൽ ശിക്ഷ വിധിച്ചത്. അഡീഷനൽ ജില്ലാ ജഡ്ജി (പോക്‌സോ) പങ്കജ് കുമാർ ശ്രീവാസ്തവയാണ് ഭൂപേന്ദ്ര എന്ന പ്രതിക്ക് തടവും 20,000 രൂപ പിഴയും വിധിച്ചത്.

ആഗസ്റ്റ് 13ന് കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തതെന്ന് പ്രതാപ്ഗഡ് എസ്.പി സത്പാൽ ആന്റിൽ പറഞ്ഞു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ പ്രതിയായ ഭൂപീന്ദറിനെ അറസ്റ്റ് ചെയ്തു.

'ഫോറൻസിക് സംഘത്തെ സംഭവ സ്ഥലത്തേക്ക് എത്തിച്ച് പ്രധാനപ്പെട്ട എല്ലാ തെളിവുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. നിശ്ചിത സമയത്തിനുള്ളിൽ ലാബ് പരിശോധനകളും നടത്തി. ഫോറൻസിക് പരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്റ്റംബർ മൂന്നിനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഐ.പി.സി, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തി. സെപ്റ്റംബർ 12നാണ് കോടതിയിൽ വിചാരണ ആരംഭിച്ചത്. എട്ട് പേരുടെ സാക്ഷി വിസ്താരവും നടത്തി- എസ്.പി സത്പാൽ ആന്റിൽ വ്യക്തമാക്കി.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം സെപ്തംബർ 21ന് ഇയാൾക്കെതിരെ കുറ്റം ചുമത്തി. ഒടുവിൽ വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചു. പ്രതി കോടതിയിൽ ഹാജരായപ്പോൾ താൻ പ്രായപൂർത്തിയാകാത്ത ആളാണെന്ന് അവകാശപ്പെടുകയും വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂട്ടർ ദേവേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. എന്നാൽ, പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി.

Tags:    
News Summary - POCSO court in Pratapgarh sets record by completing rape trial in 10 days, sentences man to life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.