ശങ്കരാചാര്യക്കെതിരെ പോക്സോ; യോഗിക്കെതിരെ പ്രതിപക്ഷം

ന്യൂഡൽഹി: സംഘ് പരിവാറിന്റെ ചെയ്തികൾ സനാതന ധർമത്തിനെതിരാണെന്ന് നിരന്തരം വിമർശിക്കാറുള്ള ജോഷിമഠിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദക്കെതിരായ പോക്സോ കേസ് ഉത്തർപ്രദേശിൽ വൻ വിവാദത്തിന് വഴിയൊരുക്കി. ദുഃഖകരവും നിന്ദ്യവുമായ നീക്കത്തിന് പിന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.ജെ.പി സർക്കാറിനും ശങ്കരാചാര്യയോടുള്ള വൈരമാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഒന്നടങ്കം അദ്ദേഹത്തിന് ഐക്യദാർഢ്യവുമായി രംഗത്തുവന്നു.

പണിതീരാതെ രാമക്ഷേത്രം ഉദ്ഘാടനംചെയ്തതിനെയടക്കം വിമർശിച്ചിരുന്ന ശങ്കരാചാര്യരെ മാഘത്തിലെ പുണ്യസ്നാനത്തിന് അനുവദിക്കാത്തത് വലിയ ക്രമസമാധാന പ്രശ്നമാകുകയും അനുയായികൾ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തതിന് പിന്നാലെയാണ് ലൈംഗികാരോപണവും പോക്സോ കേസും.

സീഡി കൈവശമുണ്ടെന്ന് പരാതിക്കാരനായ സന്യാസി

സനാതനത്തിന്റെ പേരിൽ വിദേശത്ത് നിന്നും രാജ്യത്തിന്റെ ശത്രുക്കളിൽനിന്നും ഫണ്ട് വാങ്ങുന്നയാളാണ് ശങ്കരാചാര്യ എന്നാരോപിച്ചും നഗ്ന ദൃശ്യങ്ങളും മോശം പ്രവൃത്തികളും അടങ്ങുന്ന ആശ്രമത്തിലെ അഞ്ചെട്ട് സീഡികൾ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടും അശുതോഷ് ബ്രഹ്മചാരി മഹാരാജ് എന്ന മറ്റൊരു സന്യാസിയാണ് പരാതിയുമായി രംഗത്തുവന്നത്.

പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ശങ്കരാചാര്യയുടെ ആശ്രമത്തിലേക്ക് കൊണ്ടുവന്ന ‘ബടുക്’ എന്ന് വിളിക്കുന്ന ശിഷ്യരെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരനായ സന്യാസിയുടെ ആരോപണം. സ്വാമി അവിമുക്തേശ്വരാനന്ദയുടെ ശിഷ്യരായ മുകുന്ദാനന്ദ ബ്രഹ്മചാരി, അരവിന്ദ്, പ്രകാശ് ഉപാധ്യായ എന്നിവരെയും പരാതിയിൽ പ്രതിക്കൂട്ടിൽ നിർത്തിയിട്ടുണ്ട്. ആരോപണം ഗൂഢാലോചനയാണെന്ന് ശങ്കരാചാര്യ പ്രതികരിച്ചു.

Tags:    
News Summary - POCSO against Shankaracharya; Opposition against Yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.