പ്രധാനമന്ത്രി പുതിയ പാർലമെന്‍റിൽ പ്രവേശിപ്പിച്ചത് ഒരു മതത്തിന്‍റെ പ്രതിനിധികളെ മാത്രം -ഉവൈസി

ഹൈദരാബാദ്: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാറിനുമെതിരെ ആഞ്ഞടിച്ച് വീണ്ടും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദീൻ ഉവൈസി. ഒരു മതത്തിന്‍റെ പ്രതിനിധികളെ മാത്രമാണ് പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരത്തിനുള്ളിൽ പ്രവേശിപ്പിച്ചതെന്ന് ഉവൈസി കുറ്റപ്പെടുത്തി.

ഹിന്ദുക്കളുടെ മാത്രമല്ല, 130 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയായതിനാൽ എല്ലാ മത വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തേണ്ടതായിരുന്നു. ഒരു മതത്തിലുള്ളവരെയാണ് പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. പ്രധാനമന്ത്രിക്ക് വലിയ മനസുണ്ടായിരുന്നെങ്കിൽ ക്രൈസ്തവ, ജൈന, മുസ് ലിം മതങ്ങളിലെ പ്രതിനിധികളും പാർലമെന്‍റിനുള്ളിൽ ഉണ്ടാകുമായിരുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

തെലങ്കാനയിലെ പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി അധ്യക്ഷന്റെ മുൻ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമാണ് അസദുദ്ദീൻ ഉവൈസി ഇന്ന് നടത്തിയത്. തെലങ്കാനക്ക് പകരം ചൈനയിൽ നിങ്ങൾ സർജിക്കൽ സ്ട്രൈക്ക് നടത്തുമോയെന്ന് ഉവൈസി ചോദിച്ചു.

ബി.ആർ.എസും എ.ഐ.എം.ഐ.എം അധ്യക്ഷനും ചേർന്ന് റോഹിങ്ക്യകളുടേയും പാകിസ്താനി അഫ്ഗാനിസ്താനി വോട്ടർമാരുടേയും സഹായത്തോടെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി അധ്യക്ഷൻ പറഞ്ഞത്.

റോഹിങ്ക്യകളും പാകിസ്താനികളും അഫ്ഗാനികളുമില്ലാതെ തെരഞ്ഞെടുപ്പ് നടത്തും. പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്നുമായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവന. അവർ ഹൈദരാബാദിലെ പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് പറയുന്നു. ചൈനയിൽ പോയി സർജിക്കൽ സ്ട്രൈക്ക് നടത്താൻ ധൈര്യമുണ്ടോയെന്ന് ഉവൈസി ചോദിച്ചു.

Tags:    
News Summary - PM took people of only one religion inside the New Parliament building -AIMIM chief Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.