നോയിഡ: ഉത്തർപ്രദേശിലെ സാറ്റലൈറ്റ് നഗരമായ നോയിഡ സന്ദർശിച്ച യോഗി ആദിത്യനാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി മെട്രോയുടെ മജന്ത ലൈൻ ഉദ്ഘാടനത്തിന് ശേഷം ജനങ്ങളോട് സംസാരിക്കവെയാണ് മോദിയുടെ പ്രശംസ.
നോയിഡ സന്ദർശിക്കുന്ന യുപി മുഖ്യമന്ത്രിമാരുടെ അധികാരം നഷ്ടമാവുമെന്ന വർഷങ്ങളായുള്ള അന്ധവിശ്വാസത്തെ അവഗണിച്ചായിരുന്നു യോഗിയുടെ നോയിഡ സന്ദർശനം. മുൻ മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് യോഗി കൂടുതൽ പരിഷ്കാരമുള്ളയാളാണ്. അദ്ദേഹത്തിെൻറ വസ്ത്രധാരണത്തിൽ അത് കാണാൻ കഴിയില്ലെന്നും മോദി പറഞ്ഞു.
മുൻ യു.പി മുഖ്യമന്ത്രിമാർ ചെയ്യാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. വിശ്വാസം പ്രധാനപ്പെട്ടതാണ് എന്നാൽ അന്ധവിശ്വാസം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഗുജറാത്തിൽ മുഖ്യമന്ത്രിയായി ആധികാരമേറ്റ ആദ്യ വർഷം തന്നെ, ശകുനപ്പിഴയായി മറ്റ് മുഖ്യമന്ത്രിമാർ കണ്ട സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. ഇത്തരം അന്ധവിശ്വാസങ്ങൾ വെച്ച് പുലർത്തുന്നവർ മുഖ്യമന്ത്രിയായി ഇരിക്കാൻ യോഗ്യരല്ലെന്നും മോദി ആഞ്ഞടിച്ചു.
2011ൽ നോയിഡ സന്ദർശിച്ച് മെമോറിയൽ പാർക്ക് ഉദ്ഘാടനം ചെയ്ത മായാവതി അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അതിന് ശേഷം യുപി ഭരിച്ച അഖിലേഷ് യാദവ് നോയിഡ സന്ദർശിച്ചില്ലെങ്കിലും ബി.ജെ.പിയോട് ഇൗ വർഷം കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.