ന്യൂഡൽഹി: മഹാ കുംഭമേളയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.
അടിമത്വ മനോഭാവമുള്ളവർ ഹിന്ദു വിശ്വാസത്തെ ആക്രമിക്കുകയാണെന്ന് മോദി പറഞ്ഞു. ഒരു വിഭാഗം നേതാക്കൾ ഹിന്ദു മതത്തെ പരിഹസിക്കുകയാണെന്നും വിദേശ പിന്തുണയോടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു.
മധ്യപ്രദേശിലെ ബാഗേശ്വർ ധാം മെഡിക്കൽ ആൻഡ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങിൽ വെച്ചാണ് മോദിയുടെ പരാമർശം.
മതത്തെ പരിഹസിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയുന്ന നേതാക്കളുണ്ടെന്നും വിദേശ ശക്തികൾ പലപ്പോഴും ഈ ആളുകളെ പിന്തുണച്ച് രാജ്യത്തെയും ആളുകളെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
അടിമത്വത്തിന്റെ മാനസികാവസ്ഥയിൽ വീണുപോയവർ വിശ്വാസങ്ങളെയും ക്ഷേത്രങ്ങളെയും മതത്തെയും സംസകാരത്തെയും ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സാമൂഹിക ഐക്യത്തെ തകർക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രയാഗ്‌രാജിലെ ആത്മീയ സംഗമം മൃത്യു കുംഭമായി മാറിയെന്ന് വിമർശനമുന്നയിച്ചിരുന്നു. കുംഭമേളക്കിടെ മരിച്ചവരുടെ യഥാർഥ കണക്ക് മറച്ചുവെച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.
കുംഭമേള നടത്തുന്നതിൽ പശ്ചിമബംഗാൾ സർക്കാർ ഒരു മുന്നൊരുക്കവും നടത്തിയില്ല. വി.ഐ.പികൾക്കും സമ്പന്നർക്കും ഒരു ലക്ഷം രൂപക്ക് കുംഭമേളയിൽ ടെന്റുകൾ ലഭിച്ചു. പാവപ്പെട്ടവർക്കായി ഒരു സൗകര്യവും ഒരുക്കിയില്ല. തിക്കും തിരക്കും കുംഭമേളയിൽ സാധാരണയായി മാറി. ഇതിനെതിരെ മുന്നൊരുക്കം നടത്തണമായിരുന്നുവെന്ന് മമത പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.