മുംബൈ: മന്ത്രിമാരുടെ ബിരുദം അന്വേഷിക്കുന്നത് ശരിയല്ലെന്ന് എൻ.സി.പി നേതാവ് അജിത് പവാർ. മന്ത്രിമാരുടെ കാലഘട്ടത്തിൽ അവരുണ്ടാക്കിയ നേട്ടങ്ങൾ എന്തെല്ലാമാണെന്നാണ് ജനങ്ങൾ ശ്രദ്ധിക്കേണ്ടത് എന്നും അജിത് പവാർ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2014ൽ പൊതുജനങ്ങൾ പ്രധാനമന്ത്രി മോദിക്ക് വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ ബിരുദം നോക്കിയാണോ? അദ്ദേഹം ഉണ്ടാക്കിയെടുത്ത വ്യക്തിപ്രഭാവമാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തുണച്ചത്. ഇപ്പോൾ അദ്ദേഹം ഒമ്പതു വർഷമായി ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ ബിരുദം സംബന്ധിച്ച് ചോദിക്കുന്നത് ശരിയല്ല.
നാം അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളിലാണ്. മന്ത്രിയുടെ ബിരുദം പ്രധാന സംഭവമേയല്ല. അദ്ദേഹത്തിന്റെ ബിരുദം സംബന്ധിച്ച് വ്യക്തത ലഭിച്ചാൽ വിലക്കയറ്റം കുറയുമോ? അദ്ദേഹത്തിന്റെ ബിരുദ നിലവാരം അറിഞ്ഞാൽ ജനങ്ങൾക്ക് ജോലി ലഭിക്കുമോ? -അജിത് പവാർ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ കോളജ് ബിരുദം പൊതു ജനങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ പ്രധാനമന്ത്രി എത്ര വരെ പഠിച്ചു എന്നറിയാനുള്ള അവകാശം പോലും ഇവിടുത്തെ ജനങ്ങൾക്കില്ലേ? അത് ചോദിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയാണോ? വിദ്യാഭ്യാസമില്ലാത്ത, കുറഞ്ഞ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി രാജ്യത്തിന് അപകടമാണ്. - കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.