ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ കോവിഡ് വാക്സിൻ നിർമാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. വൈകുന്നേരം ആറിന് വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. മെയ് ഒന്നിന് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനും, സംസ്ഥാനങ്ങൾക്ക് വാക്സിൻ ഡോസുകൾ നിർമാതാക്കളിൽനിന്ന് നേരിട്ട് വാങ്ങാനും അനുമതി നൽകിയതിന് പിന്നാലെയാണ് ചർച്ച നടക്കുന്നത്.
കോവിഡ് വ്യാപനം സൃഷ്ടിച്ച അടിയന്തര സാഹചര്യങ്ങൾക്കിടയിൽ സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ഇന്നലെ രാവിലെ മോദി ചർച്ച നടത്തിയിരുന്നു. പിന്നാലെ രാജ്യത്തെ പ്രമുഖ ഡോക്ടർമാരുമായി വിഡിയോ കോൺഫറൻസ് വഴിയും ചർച്ച നടന്നു.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി നടക്കാതെ, ഏറ്റവും നിർണായകമായ ഘട്ടത്തിൽ ഡൽഹിയിലിരുന്ന് ഭരണകാര്യങ്ങൾ ഏകോപിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഓർമപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും പ്രചാരണ യാത്രകൾ നടത്തി പ്രധാനമന്ത്രി തന്നെ സാമൂഹിക അകലത്തിെൻറ മാനദണ്ഡം കാറ്റിൽ പറത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്ന കുറ്റപ്പെടുത്തലും ഉയർന്നിരുന്നു.
കൂടുതൽ വിഭാഗക്കാർക്ക് വാക്സിൻ നൽകുന്നതോടെ കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനാകുമെന്നാണ് കേന്ദ്ര സർക്കാറിന്‍റെ പ്രതീക്ഷ. വാക്സിൻ നിർമാതാക്കളോട് ഉൽപാദനം വർധിപ്പിക്കാനും 50 ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനുമാണ് കേന്ദ്ര സർക്കാറിെൻറ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.