108 അടി ഉയരമുള്ള കുറ്റൻ ഹനുമാൻ പ്രതിമ ഇന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

അഹ്മദാബാദ്: 108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ ഹനുമാൻ ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോർബിയിൽ അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങിൽ സംബന്ധിക്കുക​യെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഹനുമാൻജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് പ്രതിമ നിർമ്മിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നാല് ദിക്കുകളിലായി സ്ഥാപിക്കുന്ന നാല് പ്രതിമകളിൽ രണ്ടാമത്തേതാണ് മോർബിയിലേത്. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രതിമ മോർബി ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ആദ്യ പ്രതിമ 2010ൽ വടക്ക് ഷിംലയിൽ സ്ഥാപിച്ചു. രാജസ്ഥാനിൽനിന്നുള്ള ശില്പികൾ രണ്ട് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. തെക്ക് ഭാഗമായ രാമേശ്വരത്ത് മൂന്നാമത്തെ പ്രതിമയുടെ പണി ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 100 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇതിന്റെ തറക്കല്ലിടൽ ഈ വർഷം ഫെബ്രുവരി 23ന് നടന്നു. ഹരീഷ് ചന്ദർ നന്ദ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റാണ് പ്രതിമ സ്ഥാപിക്കുന്നത്.

2008ൽ നിഖിൽ നന്ദയാണ് പദ്ധതി ആരംഭിച്ചത്. ദന്ത സംരക്ഷണ ഉൽപന്നങ്ങൾ നിർമിക്കുന്ന ജെ.എച്ച്.എസ് കമ്പനി ഉടമയായ നന്ദ ഹനുമാൻ ഭക്തൻ കൂടിയാണ്. പതഞ്ജലി, ഡാബർ, ആംവേ തുടങ്ങിയ കമ്പനികൾക്ക് ടൂത്ത് ബ്രഷ് അടക്കമുള്ള ദന്ത സംരക്ഷണ ഉൽപന്നങ്ങൾ ജെ.എച്ച്.എസ് ആണ് ഉൽപാദിപ്പിക്കുന്നത്.

Tags:    
News Summary - PM Modi to unveil 108 feet lord Hanuman statue in Gujarat's Morbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.