ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മോദി സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് വ്യക്തതയില്ല.
എന്തെങ്കിലും നാടകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്ന ആകാംക്ഷ ഉയരുന്നുണ്ട്. ലോക്സഭയിൽ വനിത സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതിനിടെ, വനിതാ സംവരണ ബില്ലിനെ പിന്തുണക്കാത്തതിലൂടെ പ്രതിപക്ഷം തെറ്റ് ചെയ്തുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിപക്ഷം ബില്ലിനെ പരാജയപ്പെടുത്തിയത് രാഷ്ട്രീയ പ്രചാരണായുധമാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ലോക്സഭയിൽ ഭരണഘടന ഭേദഗതി ബില്ലിനു അനുകൂലമായി 298 പേർ വോട്ടു ചെയ്തപ്പോൾ, 230 എം.പിമാർ എതിർത്തു വോട്ടുചെയ്തു. ഹാജരുള്ളവരിൽ മൂന്നിൽ രണ്ടുപേരുടെ ഭൂരിപക്ഷത്തിന് 352 വോട്ട് വേണമായിരുന്നു. ആദ്യമായാണ് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഒരു ഭരണഘടന ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെടുന്നത്.
2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ രാജ്യമൊട്ടാകെ മണ്ഡല പുനർനിർണയം നടത്തി ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള 131ാം ഭരണഘടനാ ഭേദഗതിക്കുള്ള ബിൽ ആണ് പ്രതിപക്ഷം പരാജയപ്പെടുത്തിയത്. വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതിനെ ജനാധിപത്യത്തിന്‍റെയും പ്രതിപക്ഷ ഐക്യത്തിന്‍റെയും വിജയമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു.
രാജ്യത്തിന്റെ ഫെഡറൽ ഘടന മാറ്റിമറിക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ‘ഇന്നലെ നടന്നത് ജനാധിപത്യത്തിന്റെ വലിയ വിജയമാണ്. ഫെഡറൽ ഘടന മാറ്റിമറിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്‍റെ ഗൂഢാലോചന പരാജയപ്പെടുത്തി. ഇത് ഭരണഘടനയുടെ വിജയം, രാജ്യത്തിന്റെ വിജയം, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം -അത് ഭരണകക്ഷി നേതാക്കളുടെ മുഖങ്ങളിൽ വ്യക്തമായി കാണാമായിരുന്നു’ -പ്രിയങ്ക ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.