മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പിന്നാലെ ട്രംപിന് എക്സിലൂടെ മോദി നന്ദി പറഞ്ഞു.

ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ചകൾ ന്യൂഡൽഹിയിൽ നടക്കുന്നതിനിടെയാണ് ട്രംപിന്‍റെ ജന്മദിനാശംസകൾ. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി, 75ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നതിന്. നിങ്ങളെപ്പോലെ, ഇന്ത്യ-യു.എസ് പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണക്കുന്നു’ -മോദി എക്സിൽ കുറിച്ചു.

റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങിയതിന് ഇന്ത്യക്കുമേൽ യു.എസ് 25 ശതമാനം തീരുവയും 25 ശതമാനം പിഴത്തീരുവയും ചുമത്തിയശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണ് ഡൽഹിയിൽ പുരോഗമിക്കുന്നത്.

കഴിഞ്ഞമാസം 25 മുതൽ 29 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറാംവട്ട ചർച്ച യു.എസ് ഇന്ത്യക്കുമേൽ കനത്ത തീരുവ ചുമത്തിയതിനെ തുടർന്ന് നീണ്ടുപോകുകയായിരുന്നു. യു.എസിന്റെ ദക്ഷിണ മധ്യേഷ്യൻ രാജ്യങ്ങൾക്കുള്ള അസിസ്റ്റൻറ് ട്രേഡ് റെപ്രസെന്ററ്റീവ് ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലാണ് യു.എസിൽനിന്നുള്ള സംഘം ചർച്ച നടത്തുന്നത്.

ഇന്ത്യൻ ഭാഗത്തുനിന്ന് വാണിജ്യവകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാൾ ആണ് ചർച്ചയെ നയിക്കുന്നത്. 50 ശതമാനം തീരുവ അന്യായവും യുക്തിഹീനവും ആണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഫെബ്രുവരിയിൽ നടന്ന ചർച്ചയിൽ 2025 ഓടുകൂടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ യാഥാർഥ്യമാക്കണമെന്ന ധാരണയിലെത്തിയിരുന്നു. തുടർന്ന് അഞ്ചുവട്ടം ചർച്ച നടന്നു. ആറാംവട്ട സംഭാഷണം ന്യൂഡൽഹിയിൽ നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൂചന നൽകിയിരുന്നു.

Tags:    
News Summary - PM Modi Reacts After US President Donald Trump Extends Wishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.