ഭൂമി നിങ്ങളെ ​'മിസ് ചെയ്തു'; സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങി വരവിൽ എക്സ് പോസ്റ്റുമായി നരേന്ദ്രമോദി

ന്യൂഡൽഹി: നാസയുടെ ബഹിരാകാശയാത്രികരായ ഇന്ത്യൻ വംശജ കൂടിയായി സുനിത വില്യംസിന്റെയും ക്രൂവിന്റെയും നിശ്ചയദാർഢ്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേ​ന്ദ്രമോദി. സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്.

സുനിത വില്യംസും സംഘവും ഭൂമിയിൽ മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു മോദിയുടെ പോസ്റ്റ്. ഇവരുടെ നേട്ടം സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് മനസിലാക്കി തരുന്നുവെച്ചും മോദി കുറിച്ചു.

ലക്ഷ്യം നേടിയെടുക്കാനുള്ള ത്വരയും അതിരുകളില്ലാത്ത മനുഷ്യ ചൈതന്യവും ധീരതയും നാസയുടെ ദൗത്യസംഘാംഗങ്ങളിൽ ആവോളമുണ്ടെന്നും മോദി വിലയിരുത്തി. സുനിത വില്യംസും ഡ്രാഗൺ ക്രൂ-9 ബഹിരാകാശ യാത്രികരും സ്ഥിരോത്സാഹം എന്നത് എന്താണെന്ന് ഒരിക്കൽകൂടി നമുക്ക് തെളിയിച്ചു തന്നിരിക്കുന്നു. കടുത്ത വെല്ലുവിളികൾ അതിജീവിക്കാനുള്ള അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യം ലക്ഷക്കണക്കിന് ആളുകളെ എക്കാലത്തും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും -മോദി എക്സിൽ കുറിച്ചു.

സുനിതയെയും സംഘത്തെയും സുരക്ഷിത്മായി ഭൂമിയിലേക്ക് മടക്കിയെത്തിക്കാൻ അക്ഷീണം പരിശ്രമിച്ചവരെയും ഓർത്ത് അഭിമാനിക്കുകയാണ്.കൃത്യത പാഷനുമായി ചേരുമ്പോഴും സാങ്കേതികവിദ്യ സ്ഥിരോത്സാഹവുമായി ഒത്തുചേരുമ്പോഴും എന്ത് സംഭവിക്കുമെന്നതാണ് അവർ തെളിയിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.

286 ദിവസത്തെ ബഹിരാകാശ ജീവിതത്തിനു വിരാമമിട്ടാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ ഭൂമിയിൽ തിരിച്ചെത്തിയത്. ഫ്ളോറിഡ തീരത്തിനു സമീപം മെക്സിക്കൻ ഉൾക്കടലിലാണ് ബഹിരാകാശ യാത്രികരെ വഹിച്ചുള്ള ഡ്രാഗൺ ക്രൂ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് ബഹിരാകാശ യാത്രികരെയും വഹിച്ച് ഡ്രാഗൺ ക്രൂ-9  ബഹിരാകാശ നിലയത്തിൽനിന്ന് വേർപെട്ട് ഭൂമിയിലേക്ക് തിരിച്ചത്. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് 15,000 കിലോമീറ്റർ ഉയരത്തിൽവെച്ച് പേടകത്തിൽനിന്ന് ട്രങ്ക് ഭാഗം വിട്ടുമാറി. ട്രങ്ക് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമർന്നു. ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് നിയന്ത്രിത വേഗത്തിലാണ് പേടകം അന്തരീക്ഷത്തിലേക്ക് കടന്നത്. ഇന്ത്യൻ സമയം പുലർച്ചെ 2.54ഓടെ ഡീഓർബിറ്റ് ബേൺ പൂർത്തിയാക്കി. അന്തരീക്ഷത്തിലെ ഘർഷണം മൂലം പേടകത്തിനു മേലുണ്ടാകുന്ന 3500 ഡിഗ്രി ഫാരൻഹീറ്റ് ചൂട് ചെറുക്കാനായി ഹീറ്റ് ഷീൽഡ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും പേടകത്തിനുണ്ടായിരുന്നു.

ഘട്ടംഘട്ടമായി വേഗം കുറച്ചശേഷം ഒടുവിൽ പാരച്യൂട്ടുകൾ വിടർത്തിയാണ് പേടകം മെക്സിൻ കടലിൽ ഇറക്കിയത്. റഷ്യൻ പേടകങ്ങൾ മൂന്നര മണിക്കൂറിൽ പൂർത്തിയാക്കുന്ന യാത്ര, സ്പേസ് എക്സിന്‍റെ കർശന സുരക്ഷാ ചട്ടങ്ങൾ കാരണം 17 മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. നേവി സീലിന്റെ മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവുമുൾപ്പെടെ കടലിൽ കാത്തുനിൽപ്പുണ്ടായിരുന്നു. യാത്രികരെ ഹെലികോപ്റ്ററിൽ ഫ്ലോറിഡയിലെ ജോൺസൺ സ്പേസ് സെന്ററിലെത്തിച്ചു. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്കു മടങ്ങൂ.

Tags:    
News Summary - PM Modi hails return of Sunita Williams, three other Crew-9 astronauts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.