വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ ആസ്തി. വാരാണസി ലോക്സഭ മണ്ഡലത്തിൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങൾ വെളിപ്പെടുത്തിയത്. 52,920 രൂപയാണ് കൈയില്‍ പണമായുള്ളത്.
സ്വന്തമായി വീടോ, ഭൂമിയോ, കാറോ ഇല്ല. 80,304 രൂപ എസ്.ബി.ഐയുടെ ഗാന്ധിനഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സിയിൽ (നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) 9.12 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരങ്ങളും കൈയിലുണ്ട്.
2018-19 സാമ്പത്തിക വർഷത്തിലെ 11.14 ലക്ഷത്തിൽ നിന്നും 2022-23 വർഷത്തിൽ പ്രധാനമന്ത്രിയുടെ വരുമാനം 23.5 ലക്ഷമായി വർധിച്ചു. ശമ്പളവും നിക്ഷേപത്തില്‍നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം. 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബി.എ ബിരുദവും 1983ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതായി സത്യവാങ്മൂലത്തിൽ പറയുന്നു.
ഒരു ക്രിമിനല്‍ കേസും അദ്ദേഹത്തിന്റെ പേരിലില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച രാവിലെ മണ്ഡലത്തിലെ ദശാശ്വമേധ് ഘട്ടിൽ പ്രാർഥന നടത്തി, കാലഭൈരവ ക്ഷേത്രം സന്ദർശിച്ചശേഷമാണ് പത്രിക സമർപ്പിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മൂന്നാം ഊഴം തേടിയാണ് പത്രിക നൽകിയത്. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് വാരാണസിയിൽ മോദിയുടെ എതിരാളി.
2019ൽ 6,74,664 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മോദി ജയിച്ചത്. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വരാണസിയിൽ വോട്ടെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.