ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും തമിഴക വെട്രി കഴകം(ടി.വി.കെ)പാർട്ടിയുടെ നേതാവുമായ വിജയ് നടത്തിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.
കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന കൂറ്റൻ റാലിക്കിടെ ശനിയാഴ്ച രാത്രി 7.30ഓടെയാണ് തമിഴ്നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത ചൂടും തിക്കുംതിരക്കും കാരണം ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയിട്ടുണ്ട്. 17 സ്ത്രീകളും 13 പുരുഷൻമാരും ഒമ്പത് കുട്ടികളുമാണ് ദാരുണമായി മരണപ്പെട്ടത്. 67 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 26 പേരെ ചികിത്സ നൽകി വിട്ടയച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് സ്റ്റാലിൻ സർക്കാറാണ് ആദ്യം ധനസഹായം പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപയാണ് കുടുംബാംഗങ്ങൾക്ക് ധനസഹായമായി നൽകുക. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകും.
ഇത്ര വലിയ ദുരന്തം നടന്നിട്ടും രക്ഷാപ്രവർത്തനത്തിൽ പോലും പങ്കാളിയാകാതെ ചെന്നൈയിലെ വീട്ടിലേക്ക് രക്ഷപ്പെട്ട വിജയിക്ക് നേരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ദുരന്തം നടന്ന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു സംഭവത്തിൽ അപലപിച്ച് വിജയ് എക്സിൽ കുറിച്ചത്. പിന്നീട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും പ്രഖ്യാപിക്കുകയുണ്ടായി.
''എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അസഹനീയ വേദനയിലും ദുഃഖത്തിലുമാണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു''-എന്നായിരുന്നു ദുരന്തത്തിനു ശേഷം വിജയ് എക്സിൽ കുറിച്ചത്.
വിജയിയുടെ വരവും കാത്ത് മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് കടുത്ത വെയിലിൽ കാത്തുനിന്നതാണ് ആളുകൾ കുഴഞ്ഞുവീഴാൻ കാരണമെന്നാണ് തമിഴ്നാട് ഡി.ജി.പി ജി. വെങ്കിടകുമാരൻ മാധ്യമങ്ങളോട് പറഞ്ഞത്. ശനിയാഴ്ച വൈകീട്ട് മൂന്നിനും 10നുമിടയിൽ റാലി നടത്താനാണ് വിജയ് അനുമതി തേടിയിരുന്നത്. എന്നാൽ ഉച്ചക്ക് 12 മണിയോടെ വിജയ് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു. അതോടെ രാവിലെ 11 മുതൽ ആളുകൾ എത്താൻ തുടങ്ങി. വിജയ് എത്തുമ്പോൾ രാത്രി 7.40 ആയി. പ്രതീക്ഷിച്ചതിലും ആളുകൾ എത്തിയതും ദുരന്തത്തിനിടയാക്കി. 100000 പേർ എത്തുമെന്നാണ് സംഘാടകർ കരുതിയിരുന്നത്. എന്നാൽ അതിന്റെ മൂന്നിരട്ടി ആളുകൾ റാലിക്കെത്തി.
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയ് സംസ്ഥാന പര്യടനം ഈ മാസം തുടങ്ങിയത്. രണ്ടാംഘട്ട പര്യടനം ശനിയാഴ്ച നാമക്കലിൽനിന്നാണ് തുടങ്ങിയത്. വൻ ജനക്കൂട്ടം എത്തുന്നതിനാൽ പൊലീസ് കർശന നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നൽകിയിരുന്നത്. സമയക്രമം പാലിക്കണമെന്നും പൊതുസ്വത്തുക്കൾ നശിപ്പിക്കരുതെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.