ദാവൂദി ബോറ വിഭാഗക്കാരുടെ വിദ്യാഭ്യാസ സ്ഥാപനമായ അല്‍ജാമിയ-തു-സൈഫിയ അറബിക് അക്കാദമിയുടെ മുംബൈ ക്യാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സബര്‍ബന്‍ അന്ധേരിയിലെ മാറോളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ചടങ്ങിന് ശേഷം ആത്മീയ നേതാവ് മുഫദ്ദല്‍ സെയ്ഫുദ്ദീനുമായി പ്രധാനമന്ത്രി മോദി സംസാരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എന്ന നിലയിലല്ല, ഒരു കുടുംബാംഗം എന്ന നിലയിലാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.‘ഞാന്‍ ഇവിടെ വന്നത് ഒരു കുടുംബാംഗം എന്ന നിലയിലാണ്, പ്രധാനമന്ത്രി എന്ന നിലയിലല്ല,’ പ്രധാനമന്ത്രി മോദി പറഞ്ഞു. ദാവൂദി ബോറ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി ചടങ്ങില്‍ സംസാരിച്ചു. ദാവൂദി ബോറ സമൂഹം കാലത്തിനനുസരിച്ച് പുരോഗമിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന് തന്റെ സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജ് തുറക്കുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2004 മുതല്‍ 2014 വരെ രാജ്യത്ത് 145 മെഡിക്കല്‍ കോളേജുകളാണ് ആരംഭിച്ചത്. എന്നാല്‍ 2014ല്‍ അധികാരമേറ്റ ശേഷം തന്റെ സര്‍ക്കാര്‍ 260-ലധികം മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചുവെന്നും മോദി പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍, എല്ലാ ആഴ്ചയിലും രാജ്യത്ത് ഒരു സര്‍വ്വകലാശാലയും രണ്ട് കോളേജുകളും തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വശത്ത്, രാജ്യം ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും മറുവശത്ത്, സാമൂഹിക അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ നിക്ഷേപം നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ മുംബൈ സന്ദർശനത്തിന് മുന്നോടിയായി ചേരികൾ മറച്ചത് നേരത്തേ വിവാദമായിരുന്നു. വെള്ളത്തുണി ഉപയോഗിച്ച് ചേരികൾ മറച്ചതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. മുമ്പ് ജി 20 ഉച്ചകോടിയോടനുബന്ധിച്ചും മുംബൈയിലെ ചേരികൾ മറച്ചിരുന്നത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ യാത്രാവഴിയിലെ ചേരികളാണ് മറച്ചിരുന്നത്. സ്വാഗത ബോർഡുകളും പച്ചനെറ്റും കൊണ്ട് ചേരികൾ മറച്ചത് വിവാദമായപ്പോൾ അത് സൗന്ദര്യവത്കരണത്തിന്റെ ഭാഗമാണെന്നായിരുന്നു സർക്കാർ വിശദീകരണം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സിഎസ്ടി ഏരിയയിലും അന്ധേരിയിലും 2.45 നും 6.30 നും ഇടയിൽ ഗതാഗത നിയന്ത്രണമുണ്ട്. വന്ദേ ഭാരത് ട്രെയിനുകളും ഇൻഫ്രാ പദ്ധതികളും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മുംബൈയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.