ന്യൂഡൽഹി: അടിയന്തരാവസ്ഥ വിഷയത്തിൽ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുട്ടമറുപടിയുമായി കോൺഗ്രസ്. മോദി ഭരണത്തെ ഒൗറംഗസീബ് കാലത്തോട് ഉപമിച്ച കോൺഗ്രസ് ഭയത്തിെൻറ അന്തരീക്ഷമാണ് രാജ്യത്തെങ്ങുമെന്ന് കുറ്റപ്പെടുത്തി. ഒൗറംഗസീബ് ഭരിക്കുന്ന ഈ കാലത്ത് ചോദ്യംചെയ്യുന്ന എല്ലാവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയിരിക്കുകയാണ്. ദലിതുകളെ മർദിക്കുകയും നിന്ദിക്കുകയുമാണ്. ഭക്ഷണശീലങ്ങളുടെ പേരിൽ ജനങ്ങളെ കൊലപ്പെടുത്തുകയാണ് -കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥയുടെ 43ാം വാർഷികമായ ചൊവ്വാഴ്ച മുംബെയിൽ നടന്ന ബി.ജെ.പി പരിപാടിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അധികാരം പിടിക്കാനായി നുണപ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഈ പരിപാടി കഴിഞ്ഞ ഉടനെ നടത്തിയ വാർത്തസമ്മേളനത്തിലാണ് മോദിയെ സുർജേവാല ഒൗറംഗസീബിനോട് ഉപമിച്ചത്. അടിയന്തരാവസ്ഥ ഒാർമിക്കേണ്ടത് അതിെൻറ പാഠങ്ങളിൽനിന്നാണെന്ന മോദിയുടെ പരാമർശം സൂചിപ്പിച്ച് ഒൗറംഗസീബ് ആരിൽനിന്നും പഠിക്കില്ലെന്ന് സുർജേവാല പരിഹസിച്ചു. തെൻറ കഴിവില്ലായ്മ മറച്ചുപിടിക്കാൻ ചരിത്രത്തിൽ അഭയംതേടുകയാണ് മോദി. എന്നാൽ, സ്വയം ചരിത്രമാകുമെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല -സുർജേവാല പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ബി.ജെ.പി മാപ്പു ചോദിക്കുമോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ ട്വിറ്ററിൽ ചോദിച്ചു. 1977നുശേഷം ഇന്ദിര ഗാന്ധി മാപ്പു ചോദിക്കുകയും തെൻറ തെറ്റുകൾ അവർ തിരുത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യയിലെ ജനം അവരെ വോട്ട് ചെയ്ത് വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയെക്കുറിച്ച് ബി.ജെ.പി ഇപ്പോൾ പറയുന്നത് 2019ലെ തെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണെന്നും അഹ്മദ് പട്ടേൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.