കോവിഡിന് മുന്നിൽ പ്രധാനമന്ത്രി ഭീരുവിനെ പോലെ പെരുമാറി; രൂക്ഷ വിമർശനവുമായി പ്രിയങ്ക

ന്യൂഡൽഹി: കോവിഡ് 19 സാഹചര്യം കൈകാര്യം ചെയ്തതിൽ കേന്ദ്ര സർക്കാറിനുണ്ടായ വീഴ്ചകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറിയത്. ഇന്ത്യക്കാർക്കല്ല പ്രധാനമന്ത്രി പ്രഥമ പരിഗണന നൽകുന്നത്. ഇന്ത്യയിലെ യാഥാർഥ്യങ്ങൾ അദ്ദേഹത്തെ ആശങ്കയിലാക്കുന്നില്ല. രാഷ്ട്രീയത്തിന് മാത്രമാണ് പരിഗണന -പ്രിയങ്ക പറഞ്ഞു. കോവിഡ് നേരിടുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 'ആരാണ് ഉത്തരവാദി' എന്ന പേരിൽ നടപ്പാക്കുന്ന കാമ്പയിനിന്‍റെ ഭാഗമായാണ് പ്രിയങ്ക രൂക്ഷ വിമർശനമുയർത്തിയത്.

പ്രധാനമന്ത്രി ഏറ്റവും മോശം സാഹചര്യം വരാൻ കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ മോദി ഏറ്റവും താഴേക്കിടയിലാക്കി. വീമ്പ് പറയാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് തുറന്നുകാട്ടപ്പെട്ടു. ഇന്ത്യക്കാർക്കായിരുന്നില്ല പ്രഥമ പരിഗണന. പ്രതിസന്ധി ഘട്ടത്തിൽ യാഥാർഥ്യത്തെ നേരിടുക, ഉത്തരവാദിത്തം ഏറ്റെടുക്കുക, പ്രവർത്തനങ്ങൾ ചെയ്യുക എന്നതാണ് ഒരു നല്ല ഭരണത്തിന്‍റെ ലക്ഷണം. മോദി സർക്കാർ ഇവയൊന്നും ചെയ്തില്ല. മഹാമാരിയുടെ തുടക്കം മുതൽക്കേ സത്യം മറച്ചുവെക്കാനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനുമാണ് മോദി ശ്രമിച്ചത്.

രണ്ടാം തരംഗം ശക്തമായി വീശിയപ്പോൾ സർക്കാർ നിർജീവമായി. ഈ നിർജീവതയാണ് രാജ്യത്താകെ പടർന്നുപിടിക്കാനും കണക്കില്ലാത്ത ദുരിതം വിതയ്ക്കാനും വൈറസിനെ അനുവദിച്ചത്. പകര്‍ച്ചവ്യാധി നേരിടാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമതിയുടെ ശിപാര്‍ശകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായും പ്രിയങ്ക പറഞ്ഞു. 

Tags:    
News Summary - PM Behaved Like Coward": Priyanka Gandhi Vadra Slams Centre On Covid Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.