ന്യൂഡൽഹി: ഒരു ജി.ബി ഡാറ്റയുടെ ചെലവ് ഇന്ന് ഒരു കപ്പ് ചായയുടെ വിലയെക്കാൾ കുറവെന്ന് നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ബുധനാഴ്ച നടന്ന ടെക്നോളജി ആന്‍റ് ഫോറം ഇന്ത്യ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചായ വിൽപ്പനക്കാരനിൽ നിന്ന് പ്രധാനമന്ത്രി പദവിയിലെത്തിയ തനിക്ക് എന്ത് സംസാരിക്കുമ്പോഴും ചായയെക്കുറിച്ച് പരാമർശിക്കുന്നത് ശീലമാണെന്നും മോദി തമാശരൂപേണ പറഞ്ഞു.
"തുടക്കത്തിൽ ഞാൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരും തന്നെ പരിഹസിക്കുകയായിരുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് എങ്ങനെ വിപുലമായ സാങ്കേതിക വിദ്യ രൂപപ്പെടുമെന്നാണ് അവർ ചോദിച്ചത്. കാരണം അവരുടെ ഭരണം ഇന്ത്യപോലൊരു രാജ്യത്ത് പുതിയ ടെക്നോളജികൾ വളരെ വൈകിയാണ് കൊണ്ടുവന്നത്. ഇന്ത്യയിൽ നിക്ഷേപം നടത്താനും നവീകരിക്കാനുമുള്ള മികച്ച സമയമാണിത്." പ്രതിപക്ഷത്തെ പരിഹസിച്ച് കൊണ്ട് മോദി പറഞ്ഞു.
2ജി കൊണ്ട് ഏറെ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിൽ നിന്ന് മാറി ഇന്ന് മിക്കവാറും എല്ലാ ജില്ലകളിലും 5ജി സേവനം ലഭ്യമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ നികുതി ലാഭിക്കൽ മനോഭാവത്തിൽ നിന്നാണ് ഐ.എം.സിയുടെ വിജയം രചിച്ചതെന്നും മോദി അവകാശപ്പെട്ടു.
പരിപാടിയിൽ 97,500 മൊബൈൽ 4ജി ടവറുകൾ ലോഞ്ച് ചെയ്തു. അതിൽ 92,600 എണ്ണം 5 ജി ആയി അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്നവയാണ്. ഡെൻമാർക്ക്, സ്വീഡൻ, സൗത്ത് കൊറിയ, ചൈന എന്നിവർ കഴിഞ്ഞാൽ സ്വന്തമായി നിർമിച്ച ടെലികോം സാങ്കേതിക വിദ്യയുള്ള 5ാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.
രാജ്യത്ത് ഒരു പ്രദേശവും ഡിജിറ്റൽ തലത്തിൽ ഒറ്റപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ 29,000-30,000 ഗ്രാമങ്ങളിൽ ഡിജിറ്റൽ ഭാരത് നിധി വഴി 18,903 ടവറുകൾ മോദി പ്രഖ്യാപിച്ചു.തങ്ങളുടെ 4 ജി സ്റ്റാക്ക് കയറ്റുമതിക്ക് തയാറാണെന്ന് പറഞ്ഞ മോദി പല രാജ്യങ്ങളും ഇന്ത്യയിൽ ഒരു ലക്ഷത്തോളം ടവറുകൾ ഉണ്ടെന്ന് അറിയുമ്പോൾ അത്ഭുതപ്പെടുയാണെന്നും കൂട്ടിച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.