'ഒരു രാത്രി കാമ്പസിൽ നിൽക്കാൻ പോലും അനുവദിച്ചില്ല​'; ഇൻഫോസിസിന്റെ ക്രൂരത വിവരിച്ച് ജോലി പോയ ജീവനക്കാരി

ബംഗളൂരു: ഇൻഫോസിസിന്റെ ട്രെയിനിങ് സെന്ററിൽ നിന്ന് 400 ജീവനക്കാരെ പിരിച്ചുവിട്ടതിൽ വിവാദം കൊഴുക്കുന്നു. മനുഷത്വരഹിതമായാണ് ഇൻഫോസിസ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ഉയരുന്ന പ്രധാന വിവാദം. നിർബന്ധപൂർവം ജീവനക്കാരെ കൊണ്ട് ഇൻഫോസിസ് കരാറുകളിൽ ഒപ്പിടുവി​ച്ചുവെന്നും ആരോപണമുണ്ട്. 25,000 രൂപ മാത്രമാണ് തങ്ങൾക്ക് കമ്പനി നഷ്ടപരിഹാരമായി നൽകിയതെന്നും ജീവനക്കാർ വെളിപ്പെടുത്തി.

ഫെബ്രുവരി ആറാം തീയതിയാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇൻഫോസിസ് നൽകുന്നത്. ഇത് രഹസ്യമാക്കിവെക്കണമെന്നും ഇൻഫോസിസ് നിർദേശിച്ചിരുന്നു. കമ്പനിയിൽ കയറിയ ഉടൻ രഹസ്യ യോഗത്തിനായി സെക്യൂരിറ്റി ജീവനക്കാർ ഒരു റൂമിലേക്ക് കൊണ്ടു പോയി. അവിടെവെച്ച് എച്ച്.ആർ ജീവനക്കാർ ജോലിയിൽ നിന്ന് പിരിഞ്ഞു പോവുകയാണെന്ന പറയുന്ന കരാറിൽ ഒപ്പുവെപ്പിച്ചുവെന്ന് ജീവനക്കാർ ന്യൂസ്മിനുട്ടിനോട് വെളിപ്പെടുത്തി.

ഒരു രാത്രി ഇൻ​ഫോസിസ് കാമ്പസിൽ കഴിയാൻ അനുമതി ചോദിച്ചിട്ടും കമ്പനി അനുവദിച്ചില്ലെന്ന് മറ്റൊരു ജീവനക്കാരി വെളിപ്പെടുത്തി. രാത്രി പോകാൻ വേറെ സ്ഥലമില്ലാത്തതിനാൽ കമ്പനിയിൽ കഴിയാൻ അനുവദിക്കുമോയെന്നാണ് ചോദിച്ചത്. എന്നാൽ, ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും കമ്പനിയിൽ തുടരാൻ അനുവദിക്കില്ലെന്നായിരുന്നു ഇൻഫോസിസിന്റെ നിലപാട്.

അതേസമയം, ഇതുസംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ ഇൻഫോസിസ് ഇതുവരെ തയാറായിട്ടില്ല. നേരത്തെ ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തിയുടെ ജോലി സമയം സംബന്ധിച്ച പ്രസ്താവനകൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ആഴ്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നായിരുന്നു നാരായണമൂർത്തിയുടെ പ്രസ്താവന.

Tags:    
News Summary - 'Please let me stay the night': Infosys trainee pleads after being fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.