ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ കവിത പോസ്റ്റ് ചെയ്തതിന് ഉറുദു കവിയും കോൺഗ്രസ് എം.പിയുമായ ഇമ്രാൻ പ്രതാപ്ഗഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ഗുജറാത്ത് പൊലീസിനോട് സർഗാത്മകത പ്രോത്സാഹിപ്പിക്കണമെന്ന് സുപ്രീംകോടതി. കവിതയുടെ യഥാർഥ അർഥം മനസ്സിലാക്കാൻ ഗുജറാത്ത് പൊലീസിനും ഹൈകോടതിക്കും സാധിച്ചില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇമ്രാൻ പോസ്റ്റ് ചെയ്ത കവിത വിദ്വേഷത്തിന്റെയും ഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആർ റദ്ദാക്കാൻ ഗുജറാത്ത് ഹൈകോടതി വിസമ്മതിച്ചതോടെയാണ് എം.പി സുപ്രീംകോടതിയെ സമീപിച്ചത്.
‘സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ആത്യന്തികമായി ഒരു കവിതയാണ്. ഒരു സമൂഹത്തിനും എതിരല്ല. ആരെങ്കിലും അക്രമത്തിൽ ഏർപ്പെട്ടാലും നമ്മൾ അതിൽ ഏർപ്പെടില്ലെന്നാണ് കവിത നൽകുന്ന സന്ദേശം. സർഗാത്മകത പ്രോത്സാഹിപ്പിക്കണ’മെന്നും ജസ്റ്റിസ് അഭയ് എസ് ഓക ഗുജറാത്ത് പൊലീസിനുവേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. ഹൈകോടതി ജഡ്ജി അക്രമത്തിനൊപ്പം നിന്നുവെന്ന് എഫ്.ഐ.ആർ ഒഴിവാക്കാൻ വിസമ്മതിച്ചത് പരാമർശിച്ച് ഇമ്രാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഗുജറാത്ത് സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരം കേസ് മൂന്ന് ആഴ്ചത്തേക്ക് മാറ്റി. എഫ്.ഐ.ആറിൽ തുടർനടപടിയുണ്ടാകരുതെന്ന് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.