ശിക്ഷിക്കപ്പെട്ടയുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടയുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നടപടിക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പിന്‍റെ സാധുതയേയും ഹരജിയിൽ ചോദ്യം ചെയ്യുന്നു. സാമൂഹിക പ്രവർത്തക ആഭ മുരളീധരനാണ് പൊതു താൽപര്യ ഹരജി സമർപ്പിച്ചത്.

ജനപ്രാതിനിധ്യ നിയത്തിലെ 8(3) വകുപ്പ് പ്രകാരം ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷം തടവ്ശിക്ഷക്ക് വിധിക്കപ്പെടുന്ന ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെടും. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499 വകുപ്പ് (മാനനഷ്ടകേസുകൾ ക്രിമിനൽക്കുറ്റമാക്കുന്ന വകുപ്പ്) പ്രകാരം രണ്ടുവർഷംവരെ തടവുശിക്ഷക്ക് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്ന നടപടി ജനപ്രതിനിധിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഹരജിയിൽ ചൂണ്ടികാട്ടുന്നു. ജനപ്രതിനിധികളുടെ ചുമതലകൾ നിർവഹിക്കുന്നതിന് ഇത് തടസ്സമാകുന്നതായും ഹരജിയിൽ പറയുന്നു.

സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയതിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് പൊതുതാൽപര്യ ഹരജി സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. നേരത്തെ, ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

Tags:    
News Summary - Plea In Supreme Court Challenges Auto-Disqualification Of Convicted MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.