ഹിമന്ത ബിശ്വ ശർമ


ഖാദിമാരുടെ രജിസ്ട്രേഷൻ അധികാരം എടുത്തുമാറ്റി; അസമിൽ മുസ്‌ലിം വിവാഹങ്ങൾക്ക് സർക്കാർ രജിസ്ട്രേഷൻ നിർബന്ധം

ഗുവാഹത്തി: സംസ്ഥാനത്ത് മുസ്‌ലിം വിവാഹങ്ങൾ സർക്കാർ തലത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഏകീകൃത നടപടിക്രമങ്ങൾ നിഷ്കർഷിക്കുന്ന 'അസം മുസ്‌ലിം മാര്യേജ് രജിസ്ട്രേഷൻ (കംപൽസറി) റൂൾസ്, 2026' ന് അസം മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബ്രിട്ടീഷ് ഭരണകാലത്തെ 'അസം മുസ്‌ലിം മാര്യേജസ് ആൻഡ് ഡിവോഴ്സസ് രജിസ്ട്രേഷൻ ആക്ട്, 1935' റദ്ദാക്കി സംസ്ഥാന സർക്കാർ കൊണ്ടുവന്ന 'അസം കംപൽസറി രജിസ്ട്രേഷൻ ഓഫ് മുസ്‌ലിം മാര്യേജസ് ആൻഡ് ഡിവോഴ്സസ് ആക്ട്, 2024' ലെ വ്യവസ്ഥകൾ പൂർണമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയത്.

മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് പുതിയ തീരുമാനങ്ങൾ വിശദീകരിച്ചത്. മുസ്‌ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഖാദിമാരെ (മുസ്‌ലിം വ്യക്തിനിയമ ഉദ്യോഗസ്ഥർ) ഒഴിവാക്കാൻ സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിലും പകരം ആർക്കാണ് ചുമതലയെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. 'ഇന്ന് മന്ത്രിസഭ പുതിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതോടെ മുസ്‌ലിം ദമ്പതികൾക്ക് ഇനി സർക്കാർ നിയോഗിക്കുന്ന വിവാഹ രജിസ്ട്രാർമാർക്ക് മുന്നിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കും,' മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹ രജിസ്ട്രേഷനായി വലിയ തോതിൽ അപേക്ഷകൾ വരികയാണെങ്കിൽ അപേക്ഷകർക്ക് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പഞ്ചായത്ത് തല ഉദ്യോഗസ്ഥർക്ക് വിവാഹ രജിസ്ട്രാർമാരുടെ അധികാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന നിയമപ്രകാരം പെൺകുട്ടികൾക്ക് 18 വയസ്സും ആൺകുട്ടികൾക്ക് 21 വയസ്സും തികയാതെയുള്ള യാതൊരുവിധ വിവാഹ രജിസ്ട്രേഷനുകളും അനുവദിക്കില്ല. ബാലവിവാഹം പൂർണമായി തടയുക, ഖാദി സമ്പ്രദായം ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സർക്കാർ ഈ നിയമനിർമാണം കൊണ്ടുവന്നത്. പുതിയ നിയമം വഴി കൗമാരപ്രായത്തിലെ ഗർഭധാരണം തടയാനും പെൺകുട്ടികളുടെ സമഗ്ര പുരോഗതി ഉറപ്പാക്കാനും സാധിക്കുമെന്നാണ് സർക്കാർ നിലപാട്. 1935-ലെ പഴയ നിയമപ്രകാരം നിയമപരമായ വിവാഹപ്രായത്തിന് താഴെയുള്ളവരുടെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടാൻ പഴുതുകൾ ഉണ്ടായിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Assam Cabinet Approves Compulsory Muslim Marriage Registration Rules, 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.