1990 മുതൽ പൂർണ മദ്യനിരോധനമുള്ള നാഗാലാൻഡിൽ വിഷമദ്യ ദുരന്തം; 19 പേർ മരിച്ചു
കൊഹിമ: നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. മൊകോക്ചുങ്, തുവെൻസാങ് ജില്ലകളിലാണ് ദാരുണ സംഭവം നടന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൊകോക്ചുങിൽ 8 പേരും തുവെൻസാങിൽ 11 പേരും മരിച്ചതായി പൊലീസ് അറിയിച്ചു.1990 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്താണ് വിഷമദ്യ ദുരന്തം ഉണ്ടായിരിക്കുന്നത്.
വ്യാജമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഐ ബംഗ്ലാങ് ചാങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് വെസുപ്ര കെസോ അറിയിച്ചു. മരണകാരണം കണ്ടെത്തുന്നതിനായി സാമ്പിളുകൾ ഫോറൻസിക് പരിശോധക്കായി ഗുവാഹത്തിയിലേക്ക് അയച്ചിട്ടുണ്ട്.
മരണങ്ങൾക്ക് പിന്നാലെ പൊലീസ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 3000 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. തിരിച്ചറിയാത്തതും ലേബലില്ലാത്തതും സംശയാസ്പദവുമായ മദ്യം കഴിക്കരുതെന്ന് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മദ്യപാനത്തിന് ശേഷം തലകറക്കം, കാഴ്ച മങ്ങൽ, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഛർദ്ദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമായി കാണാതെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തി വൈദ്യസഹായം തേടണമെന്ന് പൊലീസ് കർശനമായി മുന്നറിയിപ്പ് നൽകി. അതേസമയം 1990 മുതൽ സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് പോലും വ്യാജമദ്യ ലോബി സജീവമായി പ്രവർത്തിക്കുന്നത് വലിയ ആശങ്കയ്ക്കും സുരക്ഷാ വീഴ്ചയ്ക്കും കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.