ബീഹാറിൽ വീണ്ടും പൊതുഇടത്തിൽ സ്ത്രീപീഡനം, ഒരാൾ പിടിയിൽ; ഒരാഴ്ചക്കിടെ അഞ്ചാമത്തെ കേസ്
പട്ന: ബീഹാറിൽ വീണ്ടും പൊതുസ്ഥലത്ത് യുവതിക്ക് നേരെ അക്രമം. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നാണ് പീഡനത്തിന്റെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നത്. യുവതിയെയും ആൺസുഹൃത്തിനെയും യുവാക്കൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജമൂയിയിലും ബാങ്കയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുണ്ടായ പീഡന സംഭവങ്ങൾക്കും സമസ്തിപൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ട് കേസുകൾക്കും പിന്നാലെയാണ് പുതിയ കേസ് കൂടി പുറത്തുവന്നത്. ബിഹാറിൽ ഒരാഴ്ചയ്ക്കിടെ ഉയർന്ന അഞ്ചാമത്തെ സമാന സംഭവമാണിത്. നിരന്തരം സ്ത്രീ പീഡന വാർത്തകൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയിൽ വലിയ ആശങ്ക ഉയരുകയും ബിഹാറിലും കേന്ദ്രത്തിലും ഭരണത്തിലുള്ള ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുകയാണ്.
സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും റോഡുകളിലും പോലും പെൺകുട്ടികൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഹി.ജെ.പിയുടെയും മോദി സർക്കാരിന്റെയും 'ബേട്ടി ബചാവോ' പോലുള്ള മുദ്രാവാക്യങ്ങൾ കാപട്യമായി മാറിയെന്നും പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിക്കുന്നു. കുറ്റവാളികളുടെ സാമൂഹിക പശ്ചാത്തലവും ജാതിയും നോക്കിയാണ് ഭരണകൂടം പ്രതികരിക്കുന്നതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. കുറ്റവാളികൾക്കെതിരെ കർശന നടപടി വൈകുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.