ജന്മവാർഷികത്തിൽ മന്‍മോഹന്‍ സിങിനെ അനുസ്മരിച്ച് നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ജന്മവാർഷികത്തിൽ അനുസ്മരണം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും. അദ്ദേഹം പൊതുപ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റി വെക്കുകയും അർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കുകയും ചെയ്തുവെന്നാണ് നരേന്ദ്രമോദി എക്സിൽ കുറിച്ചത്. വിനയം, സത്യസന്ധത, ദീർഘവീക്ഷണം എന്നിവകൊണ്ട് മൻമോഹൻ സിങ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹ്യനീതിക്കും പുതിയ ദിശ നൽകിയെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽഗാന്ധിയും കൂട്ടിച്ചേർത്തു. 'മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു. തന്റെ വിനയവും സത്യസന്ധതയും ദീർഘവീക്ഷണവും കൊണ്ട് അദ്ദേഹം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹ്യനീതിക്കും പുതിയ ദിശ നൽകി. ഇന്ത്യയെന്ന രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം കൈക്കൊണ്ട ചരിത്രപരമായ തീരുമാനങ്ങളും വിലമതിക്കാനാകാത്ത സംഭാവനകളും എന്നും നമ്മെ നയിച്ചുകൊണ്ടിരിക്കും' എന്ന് രാഹുൽ ഗാന്ധി അറിയിച്ചു.

അതേസമയം, അനുസ്മരണചടങ്ങിന്റെ ഭാഗമായി കോൺഗ്രസ് പാർലമെന്ററി അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മൻമോഹൻ സിങിന് പുഷ്പാർച്ചന നടത്തി. പ്രഗൽഭനായ സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നേതാവുമായിരുന്ന മൻമോഹൻ സിങ് ഇന്ത്യയുടെ വികസനത്തിന് ആക്കം കൂട്ടുകയും രാജ്യത്തിന്റെ സമൃദ്ധിയെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ സഹായിച്ചുവെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. ദീർഘവീക്ഷണവും ഉൾക്കൊള്ളുന്നതുമായ തന്റെ സാമ്പത്തിക നയങ്ങളിലൂടെ അദ്ദേഹം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും പുരോഗതിക്ക് വഴിയൊരുക്കിയെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ പ്രധാനമന്ത്രിയെ അനുസ്മരിച്ചു. ഇന്ത്യയുടെ രാഷ്ട്രനിർമാണത്തിൽ ഡോ. മൻമോഹൻ സിങ് നൽകിയ അസാധാരണ സംഭാവനകൾ ഏറെ ആദരവോടെ ഓർക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു. `ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ നിർണായക സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയുടെ വളർച്ചയുടെ ദിശ തന്നെ മാറ്റി. പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനും ഈ പരിഷ്കാരങ്ങൾ സഹായിച്ചു' ഖാർഗെ പറഞ്ഞു. വിനയം, സത്യസന്ധത, ജ്ഞാനം എന്നിവയാണ് അദ്ദേഹത്തിന്റെ പൊതുജീവിതത്തെ അടയാളപ്പെടുത്തിയതെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും അദ്ദേഹം ഭരണത്തിൽ പ്രത്യേക പ്രാധാന്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ അവകാശാധിഷ്ഠിത ഭരണരീതി ഈ കാഴ്ചപ്പാടിന്റെ ദീർഘകാല സാക്ഷ്യമായി നിലനിൽക്കുന്നുവെന്നും ഖാർഗെ വ്യക്തമാക്കി. സത്യസന്ധത, പൊതുസേവനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, പരിവർത്തനാത്മക സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവ വരും തലമുറകൾക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

1932 സെപ്റ്റംബർ 26ന് പഞ്ചാബ് പ്രവിശ്യയിലെ ഗാഹിൽ (ഇന്നത്തെ പാകിസ്താൻ) ആണ് മൻമോഹൻ സിങിന്‍റെ ജനനം. 2004 ലാണ് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി മൻമോഹൻ സിങ് അധികാരമേറ്റത്. 2009 രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 2014 വരെ പദവിയിൽ തുടർന്നു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 1991 മുതൽ 1996 വരെ കേന്ദ്ര ധനമന്ത്രിയായും മൻമോഹൻ സിങ് സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ വ്യാപകമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയത്. ഈ പരിഷ്കാരങ്ങൾ രാജ്യാന്തര തലത്തിലും ശ്രദ്ധ നേടി. പതിറ്റാണ്ടുകൾ നീണ്ട പൊതുജീവിതത്തിൽ വിവിധ സുപ്രധാന സർക്കാർ പദവികൾ വഹിച്ച മൻമോഹൻ സിങ് ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

Tags:    
News Summary - India Honors Ex-PM Manmohan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.