യോജിച്ച പോരാട്ടത്തിന് പടയൊരുക്കം; തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ ‘ഇൻഡ്യ’ സഖ്യ യോഗം 30ന്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെയും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെയും (എസ്.ഐ.ആർ) കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ ‘ഇൻഡ്യ’ സഖ്യം യോഗം ചേർന്നേക്കുമെന്ന് റിപ്പോർട്ട്. മുന്നണിയിലെ പാർട്ടികൾ സെപ്റ്റംബർ 30ന് ഡൽഹിയിൽ യോഗം ചേരുമെന്നും സംയുക്ത പ്രതികരണം നടത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ കമ്മീഷനകത്തുതന്നെ കടുത്ത വിയോജിപ്പുകളുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഏകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ യോഗം നടക്കുന്നത്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ, കഴിഞ്ഞ 10 മാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത വിവിധ തീരുമാനങ്ങളിൽ മറ്റ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണയെങ്കിലും ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ, കമ്മീഷനുള്ളിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് എടുത്തതെന്നും വ്യക്തമാക്കി.
നേരത്തെ, ഇന്ത്യ മുന്നണി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചിരുന്നു. പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. വിഷയത്തിൽ സംയുക്തമായ പ്രതിഷേധം അനിവാര്യമാണെന്ന് മമതാ ബാനർജി സമ്മതിച്ചതായാണ് വിവരം. ഇതോടെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ എതിരാളികളായ ടി.എം. സിയെയും സി.പി.എമ്മിനേയും തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഒരേ നിലപാടിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
ഗ്യാനേഷ് കുമാറിനെ പുറത്താക്കാനായി പ്രതിപക്ഷം പുതിയ ഇംപീച്ച്‌മെന്റ് നോട്ടീസ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. നിയമവിദഗ്ധർ പരിശോധിച്ചതിന് ശേഷം അടുത്ത ആഴ്ച തന്നെ ഇത് ഇരുസഭകളിലും അവതരിപ്പിച്ചേക്കും. ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തുന്ന മൂന്നാമത്തെ ഈംപീച്ച്മെന്റ് ശ്രമമാണിത്.
മുൻപ് ഏപ്രിൽ 24-ന് 'തെളിയിക്കപ്പെട്ട മോശം പെരുമാറ്റം' (proven misbehaviour) ആരോപിച്ച് 73 രാജ്യസഭാ എം.പിമാർ ഒപ്പിട്ട നോട്ടീസ് സമർപ്പിച്ചിരുന്നു. ഒൻപത് നിർണായക ആരോപണങ്ങളാണ് അന്ന് ഉന്നയിച്ചിരുന്നത്. അതിന് മുൻപ് മാർച്ചിൽ നൽകിയ നോട്ടീസുകൾ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറും തള്ളിയിരുന്നു.
അതേസമയം, എസ്.ഐ.ആർ നിർത്തിവെക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്നും സി.പി.ഐ(എം), സി.പി.ഐ, സി.പി.ഐ(എം.എൽ) -ലിബറേഷൻ എന്നിവർ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസും ഗ്യാനേഷ് കുമാറിനെതിരെയുള്ള നീക്കം ശക്തമാക്കുകയാണ്. ഈ വിഷയത്തിൽ പാർട്ടിയുടെ തന്ത്രം ചർച്ച ചെയ്യാൻ സെപ്റ്റംബർ 29ന് വർക്കിങ് കമ്മിറ്റി യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.