ഇല്ല സർ, ഞങ്ങൾക്ക് ഇത് അവതരിപ്പിക്കാൻ കഴിയില്ല; മോദിയെ പ്രകീർത്തിക്കുന്ന നാടകത്തെ എതിർത്ത് കോളജ് വിദ്യാർഥികൾ; വിവാദം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുന്ന 'നമോ ഗാഥ' എന്ന നാടകത്തെച്ചൊല്ലിയുള്ള വിവാദം കോളേജുകളിലേക്ക് കൂടി വ്യാപിക്കുന്നു. നാടകം സ്കൂളുകളിൽ നിന്ന് കോളജുകളിലും അവതരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുകയും, ബംഗാളിലെ പ്രമുഖമായ സ്കോട്ടിഷ് ചർച്ച് കോളേജിലെ വിദ്യാർഥികൾ ഇതിനെ എതിർക്കുകയും ചെയ്തതോടെയാണ് വിവാദം രൂക്ഷമായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷങ്ങളുടെയും 25 വർഷത്തെ പൊതുജീവിതത്തിന്റെയും ആസ്പദമാക്കി 'നമോ സേവ: അജാന കഹാനി' എന്ന പേരിൽ പശ്ചിമ ബംഗാളിലുടനീളമുള്ള സ്കൂളുകൾ നാടകം അവതരിപ്പിച്ചിരുന്നു. ഇതിനു ദിവസങ്ങൾക്ക് ശേഷമാണ് ഇത് കോളജുകളിലേക്കും വ്യാപിക്കുന്നത്. നാടകത്തിന്റെ സ്ക്രിപ്റ്റ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകൾക്ക് അയച്ചു നൽകിയതെന്ന് 'ഈ സമയ്' പത്രം റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയവും മതപരവുമായ ആചാരങ്ങളോടെയാണ് സ്കൂളുകളിലെ നാടകം അവസാനിക്കുന്നത്. നിശ്ചയിക്കപ്പെട്ട സ്ക്രിപ്റ്റിൽ, ഒരു കഥാപാത്രം ചോദിക്കുന്നു, "500 വർഷത്തെ കാത്തിരിപ്പിന് ശേഷം രാംലല്ലയുടെ ക്ഷേതം പണിതത് ആരാണ്?" കാണികളായ വിദ്യാർഥികൾ 'മോദിജി' എന്ന് മറുപടി നൽകുമെന്ന് സ്ക്രിപ്റ്റിൽ നിർദേശിക്കുന്നു. തുടർന്ന് ആ കഥാപാത്രം പറയുന്നു, "എങ്കിൽ എല്ലാവരും ചേർന്ന് ഒരേ സ്വരത്തിൽ പറയൂ, ജയ് ശ്രീരാം." അപ്പോൾ കാണികളായ വിദ്യാർഥികൾ 'ജയ് ശ്രീരാം' എന്ന് വിളിക്കണമെന്നും സ്ക്രിപ്റ്റിൽ നിർദേശിക്കുന്നു.

2001-ലെ ഗുജറാത്ത് ഭൂകമ്പത്തിന്റെ ദുരിതാശ്വാസ പ്രവർത്തനം മുതൽ ആരംഭിക്കുന്ന മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അനുകൂലമായ വിവരങ്ങളാണ് സ്ക്രിപ്റ്റിൽ ഉള്ളത്.നാടകത്തിനെതിരെ നിരവധി സ്കൂളുകളിലെ പ്രധാനാധ്യാപകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സ്കൂളുകൾ സാധാരണയായി കുട്ടികളിൽ രാഷ്ട്രീയ നിലപാടുകൾ അടിച്ചേൽപ്പിക്കാറില്ലെന്നും നാടകത്തിലെ ചില സംഭാഷണങ്ങൾ വിദ്യാർഥികൾക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാമെന്നും ഒരു പ്രധാനാധ്യാപകൻ 'ഈ സമയ്' പത്രത്തോട് പറഞ്ഞു.

നാടകം അവതരിപ്പിക്കുന്നതിന് വാട്സ്ആപ്പ് വഴിയാണ് കോളജുകൾക്ക് നിർദ്ദേശം ലഭിച്ചതെന്നാണ് വിവരം. 50 മിനിറ്റ് ദൈർഘ്യമുള്ള ഈ നാടകത്തിൽ 'ജയ് ശ്രീരാം', 'മോദി ഹൈ തോ മുങ്കിൻ ഹൈ' (മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണ്) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉൾപ്പെടുന്ന നിശ്ചിത സ്ക്രിപ്റ്റിൽ നിന്ന് യാതൊരു വ്യതിചലനവും പാടില്ലെന്നായിരുന്നു വ്യവസ്ഥയെന്നും നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

ദുർഗാ പൂജ ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 10-ന് മോദി കൊൽക്കത്ത സന്ദർശിക്കുന്നതിന് മുന്നോടിയായാണ് നാടകം അവതരിപ്പിക്കുന്നത്. സെലിബ്രിറ്റി പെർഫോമർമാർ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ വലിയ പരിപാടിക്കായി 100 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

Tags:    
News Summary - Students resist staging of Modi play at Kolkata college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.