സഞ്ചരിക്കുന്ന ജയിലാക്കിയ ഇടിവണ്ടിയിലെ ആ രണ്ടര മണിക്കൂർ
ശനിയാഴ്ച ഉച്ചക്ക് ആർ.എം.എൽ ആശുപത്രിക്ക് സമീപം പൊലീസിന്റെ കണ്ണ് വെട്ടിച്ച് സമരത്തിന് തയാറായി നിൽക്കുമ്പോഴാണ് ഗുജറാത്ത് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആൾ എവിടെ സമരത്തിനിറങ്ങുമെന്ന ആലോചനക്ക് വന്നത്. പൊലീസ് ഇൻഫോർമറാണോ എന്ന് സംശയിച്ചതിനാൽ പൂർണ വിവരം കൈമാറിയില്ല. അൽപനേരംകൊണ്ട് സുഹൃത്തുക്കളായതോടെ കാര്യം പിടികിട്ടി. സംസാരത്തിനിടെ, പൊലീസ് വാഹനം വരുന്നത് കണ്ട് രണ്ട് വഴിക്ക് നടന്നു.
കുറച്ചകലെ സി.പി.ഐ എം.പിമാരായ പി. സന്തോഷ് കുമാറും പി.പി. സുനീറും ഏതാനും എ.ഐ.എസ്.എഫ് പ്രവർത്തകരും അല്ലാത്തവരുമായി സമരക്കാരെ ഏകോപിപ്പിക്കുന്നുണ്ടായിരുന്നു. ഈ സമയം സി.ജെ.പിക്കാരെ കസ്റ്റഡിയിലെടുത്ത വാഹനം വന്നതോടെ അവിടെയുണ്ടായിരുന്നവർ വാഹനത്തിന് മുന്നിലേക്ക് ചാടി തടഞ്ഞു. ഇവിടേക്ക് കൂടുതൽ കേന്ദ്രസേന എത്തിയതോടെ എന്നെയും തൂക്കിയെടുത്ത് വാഹനത്തിലിട്ടു.
വാഹനം എന്ന് പറഞ്ഞാൽ തെറ്റും, സഞ്ചരിക്കുന്ന ജയിൽ എന്നുതന്നെ പറയണം. ആദ്യവാതിൽ തുറന്ന് വീണ്ടും ഒരു വാതിൽ കടന്നുവേണം അകത്ത് കടക്കാൻ. അതിനുള്ളിൽ ഒരുമിച്ച് രണ്ട് വിരലുകൾ പോലും പോകാത്ത ഇരുമ്പുകമ്പികളാൽ ബന്ധിപ്പിച്ച നാല് കമ്പാർട്ട്മെന്റുകൾ. കൊടുംകുറ്റവാളികളെ കൊണ്ടുപോകുന്ന വാഹനം. ഇതിലേക്കാണ് ജനാധിപത്യ സംരക്ഷണത്തിന് സമാധാനപരമായി സമരത്തിനിറങ്ങിയവരെ കുത്തിനിറച്ചത്.
2.10-ഓടെ വാഹനം പുറപ്പെട്ടു. ആദ്യ സെല്ലിൽ കുറച്ച് ആൺ പൊലീസുകാരും പിറകിൽ ഒരു വനിതാ പൊലീസുമാണ് ഉണ്ടായിരുന്നത്. നടുവിലെ സെല്ലുകളിലാണ് ഞങ്ങളിരുന്നത്. പിറകിൽ എന്താണ് സംഭവിക്കുന്നതെന്ന് ഡ്രൈവർ കാബിനുള്ളിലുള്ളവർക്ക് അറിയാൻ കഴിയില്ല. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് യാതൊരു അറിവുമില്ല. കുറച്ച് ദൂരം പിന്നിട്ടതോടെ സമരക്കാർ പരസ്പരം പരിചയപ്പെട്ടു തുടങ്ങി. സി.ജെ.പി പ്രവർത്തകരാണ് അധികപേരും. വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും വാഹനം നിർത്താൻ ഡ്രൈവറെ അറിയിക്കാൻ യാതൊരു മാർഗവുമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ വല്ലാതെ പ്രയാസപ്പെട്ടു.
വാഹനം പുറപ്പെട്ടത് മുതൽ അതിവേഗത്തിലാണ് പോകുന്നത്. വീതിയില്ലാ സീറ്റുകൾ. ബ്രേക്ക് ചവിട്ടുമ്പോൾ വീഴാൻ പോകും. കമ്പികൾ ഇളകുന്ന ശബ്ദം ഉച്ചത്തിലാണ്. വാഹനം ഡൽഹിയിലെ റോഡുകളിലൂടെ എങ്ങോട്ടെന്നില്ലാതെ പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ രണ്ടര മണിക്കൂർ കഴിഞ്ഞാണ് അതിർത്തിയിലെ ജാഫർപൂരിലുള്ള പണിനടക്കുന്ന ഒരു ഷെഡിനടുത്ത് വാഹനം നിർത്തുന്നത്. ഡൽഹി മുൻമുഖ്യമന്ത്രി കെജ്രിവാളിനെയും ആപ് പ്രവർത്തകരെയും രാവിലെ കസ്റ്റഡിയിലെടുത്ത് ഇതേ കരുതൽ തടങ്കലിൽ എത്തിച്ചിരുന്നു. ആവശ്യമായ ശുചാലയവും കുടിവെള്ള സൗകര്യവുമില്ലാത്ത ഇടം.
രാത്രി ഒമ്പതോടെയാണ് എല്ലാവരെയും പുറത്തുവിട്ടത്. ‘നാളെ വീണ്ടും കാണാം’ എന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. തിരിച്ചുപോകാൻ പഴ്സിൽ പണമില്ല. ആരെയും വിളിക്കാൻ ഫോൺ കൈയിലുണ്ടായിരുന്നില്ല. പണമില്ലാതെ പ്രയാസപ്പെടുന്നത് കണ്ട എം.എസ്.എഫ് പ്രവർത്തകനായ എനിക്ക്, അവിടേക്ക് വന്ന ആപ് പ്രവർത്തകനാണ് കാശ് തന്നത്. വിട്ടിലെത്തി തിരികെ നൽകാൻ നമ്പർ ചോദിച്ചപ്പോൾ നാളെ വീണ്ടും സമരത്തിനിടെ കാണാമല്ലോ എന്നായിരുന്നു ഒരേ ലക്ഷ്യത്തിനുള്ള സ്വാർഥത തൊട്ടുതീണ്ടാത്ത പോരാട്ടത്തിന്റെ ആവേശം പകർന്ന മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.