എയർ ഇന്ത്യ അപകട കാരണം പൈലറ്റിന്‍റെ പിഴവെന്ന റിപ്പോർട്ട്: വാൾസ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്സിനും നോട്ടീസ്

ന്യൂഡൽഹി: എയർ ഇന്ത്യ ദുരന്തത്തെക്കുറിച്ചുള്ള റിപ്പോർട്ടിന് വാൾ സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്‌സിനുമെതിരെ നോട്ടീസയച്ച് പൈലറ്റുമാരുടെ സംഘടന. ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്‌.ഐ.പി) ആണ് നിയമനടപടി ആരംഭിച്ചത്. ജൂൺ 12-ന് നടന്ന അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റിലുണ്ടായ ആശയക്കുഴപ്പമോ ആണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിനെതിരെയാണ് നടപടി.

പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് സംഘടന ആരോപിച്ചു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടിങ്ങിന് ഔദ്യോഗികമായി ക്ഷമാപണം നടത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങൾ സത്യസന്ധത ഉയർത്തിപ്പിടിക്കണമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സംഘടന പറയുന്നു.

ഇത്തരം ഊഹാപോഹങ്ങളടങ്ങിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്. ഇത് മരിച്ച പൈലറ്റുമാരുടെ പ്രശസ്തിക്ക് ഗുരുതരമായ ദോഷം വരുത്തിയിട്ടുണ്ട്. റോയിട്ടേഴ്‌സ് ദുഃഖാർത്തരായ കുടുംബങ്ങൾക്ക് കൂടുതൽ ദുരിതമുണ്ടാക്കിയെന്നും, വലിയ സമ്മർദ്ദത്തിലും പൊതു ഉത്തരവാദിത്തത്തിലും പ്രവർത്തിക്കുന്ന പൈലറ്റ് സമൂഹത്തിന്റെ മനോവീര്യം തകർക്കുകയും ചെയ്തുവെന്നും നോട്ടീസിൽ ആരോപിക്കുന്നു.

തകർന്ന വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫാക്കിയതായും ഇത് രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം തടസ്സപ്പെടുത്തിയതായും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇന്ധന സ്വിച്ചുകളെക്കുറിച്ച് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണവും റിപ്പോർട്ടിൽ ഉദ്ധരിച്ചിരുന്നു. സ്വിച്ച് ഓഫാക്കിയിട്ടുണ്ടോ എന്ന് ഒരു പൈലറ്റ് ചോദിക്കുകയും രണ്ടാമത്തെ പൈലറ്റ് അത് നിഷേധിക്കുകയും ചെയ്യുന്നതായിരുന്നു പുറത്തുവന്ന സംഭാഷണം.

Tags:    
News Summary - ahmedabad plane crash - Pilots' body sends notice to WSJ, Reuters over Air India reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.