ഫൂലന്‍ ദേവിയുടെ മാതാവും സഹോദരിയും ഇവിടെയുണ്ട്; കൂട്ടിന് പട്ടിണിയും കുറെ ഓര്‍മകളും

ജാലേന്‍ (യു.പി): ഒരുകാലത്ത് കാടും നാടും വിറപ്പിച്ചിരുന്ന കൊള്ളക്കാരി; പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗം. ഇത്രയൊക്കെ വിശേഷണമുള്ള ഫൂലന്‍ ദേവിയുടെ അമ്മയും സഹോദരിയും ഇപ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പട്ടിണിയില്‍. ചെറിയൊരു കുടിലില്‍ ദാരിദ്ര്യവുമായി മല്ലിടുകയാണ് ഫൂലന്‍ ദേവിയുടെ അമ്മ മൂലാദേവിയും സഹോദരി രാംകലിയും. 

ഫൂലന്‍ ദേവി ജീവിച്ചിരുന്നപ്പോള്‍ ആളുകളെല്ലാം മൂലാദേവിയെ ആദരവോടെയാണ് കണ്ടിരുന്നത്. ആഹാരത്തിനും വസ്ത്രത്തിനും കുറവുണ്ടായിരുന്നില്ല. ഇന്ന് ഏതാനും നാണയത്തുട്ടുകളും കുറെ ഓര്‍മകളും മാത്രമാണ് അവര്‍ക്ക് കൂട്ട്. കഴിഞ്ഞ വര്‍ഷം, പ്രദേശത്തെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാനത്തെിയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ്  പട്ടിണി കാരണം മരണത്തിന്‍െറ വക്കിലായ ഫൂലന്‍ ദേവിയുടെ അമ്മയെയും സഹോദരിയെയും കണ്ടത്തെിയത്. കാണുന്ന സമയത്ത് അവരുടെ പക്കല്‍ 250 ഗ്രാം ഉള്ളിയും അല്‍പം ധാന്യവും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബുന്ദേല്‍ഖണ്ഡ് ദലിത് അധികാര്‍ മഞ്ച് കണ്‍വീനര്‍ കുല്‍ദീപ് ബൗധ് പറഞ്ഞു. കുടുംബത്തിന്‍െറ കൈവശമുണ്ടായിരുന്ന ഭൂമി ഇപ്പോള്‍ നഷ്ടമായിരിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ വല്ലപ്പോഴും കിട്ടുന്ന പണിയുടെ കൂലിയായി രാംകലിക്ക് ഒരു മാസം മുന്നൂറോ നാനൂറോ രൂപ ലഭിക്കും. ഇതാണ് ഏക വരുമാനം. ഒരു എം.പി ഉണ്ടായിരുന്ന കുടുംബമാണ് ഇതെന്ന് വിശ്വസിക്കാന്‍തന്നെ പ്രയാസം.  തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് രാഷ്ട്രീയക്കാര്‍ തങ്ങളെ കാണാന്‍ വരുന്നതെന്ന് രാംകലി പറയുന്നു. രാഷ്ട്രീയക്കാര്‍ പ്രചാരണത്തിനായി ഇവരെ സ്റ്റേജില്‍ നിര്‍ത്തും. ഇതിന് 200 രൂപ നല്‍കും. എന്നാല്‍, എതിര്‍ സ്ഥാനാര്‍ഥികളുടെ ഭീഷണി കൂടിവന്നപ്പോള്‍ രാഷ്ട്രീയക്കാര്‍ക്കുവേണ്ടി പ്രദര്‍ശന വസ്തുവാകുന്നത് രണ്ട് വര്‍ഷമായി അവസാനിപ്പിച്ചിരിക്കുകയാണ് ഇവര്‍. ജാലേന്‍ ജില്ലയിലെ കല്‍പി നിയമസഭാ മണ്ഡലത്തിലാണ് ഇവരുടെ വീട്. 

1983ലാണ് ഫൂലന്‍ ദേവി കീഴടങ്ങിയത്. കൂട്ടക്കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 48 കേസുകളാണ് ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്. ഈ കേസുകളെല്ലാം മുലായം സിങ് യാദവ് സര്‍ക്കാര്‍ പിന്‍വലിച്ചു. 1994ല്‍ ജയില്‍ മോചിതയായ ഫൂലന്‍ ദേവി രണ്ട് വര്‍ഷത്തിനുശേഷം സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ മിര്‍സാപുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ വീണ്ടും ലോക്സഭയിലത്തെിയ ഫൂലന്‍ ദേവിയെ 2001 ജൂലൈ 25ന് ഡല്‍ഹിയിലെ ഒൗദ്യോഗിക വസതിക്ക് പുറത്തുവെച്ച് ആക്രമികള്‍ വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു. 

Tags:    
News Summary - phoolan-devi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.