ചെന്നൈ: നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾക്ക് വിരുദ്ധമായ ഫോൺ ചോർത്തൽ സ്വകാര്യതക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് മദ്രാസ് ഹൈകോടതി. എവറോൺ എജുക്കേഷൻ ലിമിറ്റഡ് എം.ഡി പി. കിഷോറിന്റെ മൊബൈൽ ഫോൺ ചോർത്താൻ സി.ബി.ഐക്ക് അധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2011ൽ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പൊതു സുരക്ഷാ ഭീഷണിയും അഴിമതിയും തടയുന്നതിനും അന്വേഷിക്കുന്നതിനും ഫോൺ ചോർത്തൽ അനിവാര്യമാണെന്നു പറഞ്ഞ് കേന്ദ്ര സർക്കാറും സി.ബി.ഐയും ഉത്തരവിനെ ന്യായീകരിച്ചു.
എന്നാൽ 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് സെക്ഷൻ 5(2) പ്രകാരം പൊതു അടിയന്തരാവസ്ഥ ഘട്ടത്തിലോ പൊതു സുരക്ഷാ താൽപര്യം കണക്കിലെടുത്തോ മാത്രമാണ് ഫോൺ ചോർത്താൻ അനുവദിക്കുന്നതെന്നും എന്നാൽ സാധാരണ ക്രിമിനൽ അന്വേഷണങ്ങളെ ഉൾപ്പെടുത്തി ഈ വ്യവസ്ഥ ദുരുപയോഗപ്പെടുത്തരുതെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് അഭിപ്രായപ്പെട്ടു.
കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി സ്വകാര്യ വ്യക്തിയുടെ സംഭാഷണം രഹസ്യമായി ചോർത്തുന്നത് അനുവദിക്കാനാവില്ല. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് സ്വകാര്യതക്കുള്ള അവകാശമെന്നും കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.