ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ ദിനത്തില്‍ ശാഹീന്‍ ബാഗിലും ജാമിഅ മില്ലിയ്യയിലും പെട്രോള്‍ ബോംബെറിഞ്ഞു. വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന ജാമിഅയില്‍നിന്ന് വെടിയുണ്ട കിട്ടി.
രാവിലെ ഒമ്പത് മണിയോടെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുടെ ഏഴാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു ആദ്യ സ്ഫോടനം. മൂന്ന് ബാഗുകള്‍ ബൈക്കില്‍ കെട്ടി വന്ന അക്രമി ബാഗില്‍നിന്ന് എടുത്ത പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. പൊട്ടിച്ചിതറിയ പെട്രോള്‍ ബോംബിനൊപ്പം വെടിയുണ്ടയും പൊലീസിന് ലഭിച്ചു. ഹെല്‍മറ്റ് ധരിച്ച് ഡെലിവറി ബോയിയെ പോലെയായിരുന്നു അക്രമിയുടെ വരവ്. ഇതിന് തൊട്ടുപിന്നാലെയാണ് സ്ത്രീകളുടെ പൗരത്വ സമരത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ശാഹീന്‍ ബാഗില്‍ ബൈക്കിലെത്തിയ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്.
സ്ഫോടന ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാർ സമരപ്പന്തലിന് അതിരിട്ട കമ്പിവേലിക്ക് സമീപം പെട്രോൾ ബോംബ് വീണ് പടര്‍ന്ന തീ അണച്ചു. സമരക്കാര്‍ സാധാരണയുണ്ടാവാറുള്ള സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലത്തിലാണ് പെട്രോള്‍ ബോംബ് വീണത്. ജനത കര്‍ഫ്യൂ മൂലം ഭൂരിഭാഗം സ്ത്രീകളും സമരത്തിന് വരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ശനിയാഴ്ച രാത്രി ചര്‍ച്ചക്കൊടുവിലാണ് കര്‍ഫ്യൂ നാളില്‍ സമരപ്പന്തലില്‍ പ്രതീകാത്മകമായി ചെരിപ്പു വെച്ച് മാറിനില്ക്കാന് സ്ത്രീകള്‍ തീരുമാനിച്ചത്.
ശാഹീൻ ബാഗില്‍ ആദ്യത്തെ ആക്രമണം കഴിഞ്ഞ് മണിക്കൂറിന് ശേഷം വീണ്ടും വന്ന അക്രമി പരിസരത്തെ ക്രിബ്സ് ഹോസ്പിറ്റലിന് അടുത്തുള്ള ചായക്കടയിലേക്കും പെട്രോള്‍ ബോംബെറിഞ്ഞു. ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ അക്രമിയെ നാട്ടുകാര്‍ കൈയോടെ പിടികൂടിയെങ്കിലും തോക്ക് ചൂണ്ടി ഇയാൾ രക്ഷപ്പെട്ടു. വിവരം നാട്ടുകാര്‍ അറിയിച്ചപ്പോള്‍ സാനിറ്റൈസര്‍ തളിച്ചതാണെന്ന മറുപടിയാണ് കിട്ടിയത്. പെട്രോള്‍ ബോംബ് ആക്രമണം നടത്തുമെന്ന് സംഭവത്തിന് 11 മണിക്കൂര്‍ മുമ്പ് അരുണ്‍ ചൗഹാന് എന്നയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.