കൊച്ചി: നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില രണ്ടു തവണ വർധിപ്പിച്ചതോടെ പൊതുജനം കടുത്ത വിലക്കയറ്റ ഭീഷണിയിൽ. യാത്രാചെലവുകളും മറ്റും വർധിക്കുന്നതിന് പുറമെ പണപ്പെരുപ്പം ഉയരുമെന്നതിനാൽ സർവമേഖലകളിലും വിലക്കയറ്റം വൈകാതെ പ്രകടമാവും. പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് പാചകവാതക വിലവർധനമൂലം ഇപ്പോൾതന്നെ പ്രതിസന്ധിയിലായ സാധാരണക്കാർ ഇതോടെ കൂടുതൽ വെട്ടിലാകും. സമ്പദ്വ്യവസ്ഥയെ ഇത് ഗുരുതരമായി ബാധിക്കും. ഇന്ധന വിലയിൽ ഇനിയും വർധനയുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് പൊതുജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുുന്നു.
സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ കഴിഞ്ഞ വെള്ളിയാഴ്ച പെട്രോൾ, ഡീസൽ വില മൂന്നുരൂപയോളം വർധിപ്പിച്ചിരുന്നു. ചൊവ്വാഴ്ച്ച വീണ്ടും 90 പൈസ കൂടി വർധിപ്പിച്ചതോടെ കൊച്ചിയിൽ ഒരുലിറ്റർ പെട്രോളിന് 110 രൂപക്കടുത്താണ് വില. ഡിസലിന് 100 രൂപയും. ഔദ്യോഗികമായി ഉയർത്തിയില്ലെങ്കിലും ഓട്ടോ, ടാക്സി നിരക്കും കൂടും. ഇത് സാധാരണക്കാരുടെ കീശ ചോർത്തും. അധികം വൈകാതെ പൊതുഗതാഗത നിരക്കും ഉയരും.
കടത്ത് ചെലവ് കൂടുമെന്നതിനാൽ ഡീസൽ വിലയിലെ വർധന വൈകാതെ എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വിലയെ ബാധിച്ചുതുടങ്ങും. പാൽ, പച്ചക്കറികൾ, ഫലവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെയെല്ലാം വില വർധിക്കാനാണ് സാധ്യത. കൂടാതെ കെട്ടിട നിർമാണ വസ്തുക്കൾ, വ്യാവസായിക ഉൽപന്നങ്ങൾ ഉൾപ്പെടെ എല്ലാ വസ്തുക്കളടെയും വില കൂടും. ഈ വിലക്കയറ്റം രാജ്യത്തെ പൊതുവിലുള്ള പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമാവും. ഈ അവസ്ഥ നിയന്ത്രിക്കാൻ പലിശ നിരക്ക് ഉയർത്താനും വിപണിയിലെ പണലഭ്യത കുറക്കാനും റിസർവ് ബാങ്ക് നിർബന്ധിതമാവും. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.