‘ഇങ്ങനെ പേടിക്കല്ലേ മോദിജീ, ടെമ്പോയിലെ പണം സ്വന്തം അനുഭവമാണോ? എങ്കിൽ അദാനിയുടെയും അംബാനിയുടെയും അടുത്ത് ഇ.ഡിയെ അയക്കൂ’ -രാഹുൽ

ന്യൂഡല്‍ഹി: അദാനിയും അംബാനിയും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകി എന്നും ടെമ്പോവാൻ നിറയെ കോൺഗ്രസിന് നോട്ടുകെട്ട് നൽകിയോ എന്നുമുള്ള മോദിയുടെ ചോദ്യത്തിന് വിഡിയോയിലൂടെ മറുപടിയുമായി രാഹുൽ ഗാന്ധി. അവര്‍ ടെമ്പോയില്‍ പണം നല്‍കിയെന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാമെന്നും അത് സ്വന്തം അനുഭവം ആണോ എന്നും മോദിയോട് രാഹുല്‍ ചോദിച്ചു.

‘നമസ്കാരം മോദിജി. താങ്കൾ പേടിച്ചു പോയോ? സാധാരണ അടച്ചിട്ട മുറികളിലാണ് താങ്കൾ അദാനി അംബാനി കാര്യങ്ങൾ സംസാരിക്കാറുള്ളത്. ഇതാദ്യമായി പൊതുയിടത്തിൽ താങ്കൾ അദാനി, അംബാനി എന്നൊക്കെ പറയുന്നു. ടെമ്പോയിലാണ് പൈസ എത്തിക്കുന്നത് എന്നൊക്കെ താങ്കൾക്ക് അറിയാം അല്ലേ..! താങ്കളുടെ സ്വന്തം അനുഭവമാണോ അത്?. ഒരു കാര്യം ചെയ്യൂ, സി.ബി.ഐയേയും ഇ.ഡിയേയും ഇവരുടെ (അദാനി- അംബാനി) അടുത്തേക്ക് അയക്കൂ. മുഴുവൻ കാര്യങ്ങളും അന്വേഷിക്കൂ. പെട്ടന്ന് തന്നെ ചെയ്യൂ.. ഇങ്ങനെ പേടിക്കല്ലേ മോദിജി’ -രാഹുൽ മോദിയോട് പറഞ്ഞു.

അംബാനിക്കും അദാനിക്കുമെതി​രായ വിമർശനം രാഹുൽ നിർത്തിയത് പണം ലഭിച്ചത് കൊണ്ടാണന്നും അവരുമായി ഉണ്ടാക്കിയ ‘ഡീൽ’ വെളിപ്പെടുത്തണമെന്നും ഇന്ന് തെലങ്കാനയിലെ കരിംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി പ്രസംഗിച്ചിരുന്നു.

‘തെലങ്കാനയുടെ മണ്ണിൽ നിന്ന് ഞാൻ ചോദിക്കുകയാണ്: ഈ തെരഞ്ഞെടുപ്പിൽ അംബാനിയിൽനിന്നും അദാനിയിൽ നിന്നും ഷെഹ്‌സാദ (രാഹുൽ ഗാന്ധി) എത്ര വാങ്ങി? അയാൾക്ക് ഇവരിൽനിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? അഞ്ച് വർഷമായി നിങ്ങൾ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം നിങ്ങൾക്ക് എന്തെങ്കിലും ലഭിച്ചു എന്നാണ്. ഇക്കാര്യത്തിൽ നിങ്ങൾ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും” -എന്നായിരുന്നു മോദിയുടെ പ്രസംഗം.

മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചതെങ്കിൽ, ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ കോടിക്കണക്കിന് മനുഷ്യരെ ലക്ഷാധിപതികളാക്കുമെന്ന് രാഹുൽ വിഡിയോയിൽ തുടർന്നു. ‘ഞാൻ രാജ്യത്തോട് ഉറപ്പിച്ച് പറയുന്നു: എത്ര പൈസ മോദിജി ഇവർക്ക് (കോടീശ്വരൻമാർക്ക്) നൽകിയോ, അത്രയും പണം ഞങ്ങൾ രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകാൻ പോവുകയാണ്. മഹാലക്ഷ്മി യോജന, പെഹ്‍ലി നൗകരി യോജന എന്നിവയിലൂടെ കോടിക്കണക്കിന് ആളുകളെ ലക്ഷാധിപതികളാക്കും. ഇവർ 22 കോടിപതികളെ ഉണ്ടാക്കി, ഞങ്ങൾ കോടിക്കണക്കിന് ലക്ഷാധിപതികളെ ഉണ്ടാക്കും’ 

Tags:    
News Summary - ‘Personal experience hai kya?’: Rahul Gandhi retorts to PM Modi's ‘Ambani-Adani sending black money in tempo’ remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.