ന്യൂഡൽഹി: അവശ്യഘട്ടത്തിൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാനും സൈന്യത്തിന് സഹായം നൽകാനും ടെറിട്ടോറിയൽ ആർമിയിലെ (ടി.എ) ഉദ്യോഗസ്ഥരെയും രജിസ്റ്റർ ചെയ്ത വ്യക്തികളെയും വിളിക്കാൻ കരസേനാ മേധാവിക്ക് കേന്ദ്ര സർക്കാർ അധികാരം നൽകി. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
2028 ഫെബ്രുവരി ഒമ്പതു വരെ മൂന്നു വർഷത്തേക്ക് ഉത്തരവിന് പ്രാബല്യമുണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ സൈനികകാര്യ വകുപ്പ് മേയ് ആറിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
സൈന്യത്തിനുവേണ്ട സേവനങ്ങൾ നൽകുന്ന പാർട്ട് ടൈം വളന്റിയർമാരടങ്ങുന്ന സൈനിക റിസർവ് സേനയാണ് ടെറിട്ടോറിയൽ ആർമി. നിലവിലുള്ള 32 ഇൻഫൻട്രി ബറ്റാലിയനുകളിൽ (ടെറിട്ടോറിയൽ ആർമി) 14 ബറ്റാലിയനുകളിൽ നിന്നുള്ളവരെയാണ് വിന്യസിക്കുകയെന്നും വിജ്ഞാപനത്തിൽ പറയുന്നു.
സതേൺ കമാൻഡ്, ഈസ്റ്റേൺ കമാൻഡ്, വെസ്റ്റേൺ കമാൻഡ്, സെൻട്രൽ കമാൻഡ്, നോർതേൺ കമാൻഡ്, സൗത്ത് വെസ്റ്റേൺ കമാൻഡ്, അന്തമാൻ നികോബാർ കമാൻഡ്, ആർമി ട്രെയിനിങ് കമാൻഡ് (ആർ.ടി.ആർ.സി) എന്നീ മേഖലകളിലാണ് ഇവരെ വിന്യസിക്കുക.
ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, അടിയന്തര സാഹചര്യങ്ങൾ മുന്നിൽക്കണ്ട് തയാറെടുപ്പുകൾ ഉറപ്പുവരുത്താൻ ടെലികമ്യൂണിക്കേഷൻ കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം. അടിയന്തര സാഹചര്യങ്ങളിലടക്കം സേവനങ്ങൾ തടസ്സപ്പെടാത്ത രീതിയിൽ ഒരുങ്ങണമെന്നാണ് നിർദേശം.
അതിർത്തി മേഖലകളിലെ ടെലികോം നിർമിതികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് കൃത്യമായ പട്ടിക തയാറാക്കാനും കമ്പനികൾക്ക് നൽകിയ നിർദേശങ്ങളിലുണ്ട്. അന്താരാഷ്ട്ര അതിർത്തിയോടുചേർന്ന് 100 കിലോമീറ്റർ പരിധിയിൽ സേവനപ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണം. ഈ പരിധിയിൽ സ്ഥിതിചെയ്യുന്ന എല്ലാ ബേസ് ട്രാൻസ്സീവർ സ്റ്റേഷൻ (ബി.ടി.എസ്) ടവറുകളും പ്രവർത്തനസജ്ജമായി നിലനിർത്തണം. ദുരന്തസാഹചര്യങ്ങളിൽ നിർദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഓപറേറ്റിങ് നടപടിക്രമങ്ങൾ (എസ്.ഒ.പി) പാലിച്ചുകൊണ്ട് എല്ലാ പ്രവർത്തനങ്ങളും പരിശോധിച്ച് ഉറപ്പിക്കണം.
ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്ക് വൈദ്യുതി ഉറപ്പാക്കുന്നതിന് ആവശ്യമായ ഇന്ധന വിതരണവും ജനറേറ്ററുകളുടെ ലഭ്യതയും ഉറപ്പുവരുത്തമെന്നും നിർദേശത്തിൽ പറയുന്നു.
മന്ത്രാലയത്തിൽ നിന്നുള്ള നിർദേശത്തിന് പിന്നാലെ അടിയന്തര നടപടികൾ സ്വീകരിച്ച് തുടങ്ങിയതായി വിവിധ നെറ്റ്വർക്ക് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.