ഭൂഗർഭ അറകളിലെ ഹൈന്ദവ വിഗ്രഹങ്ങൾ ഖനനം നടത്താൻ അനുമതി നൽകണം; ഭോജ്ശാല വിവാദത്തിനിടെ പുതിയ ആവശ്യവുമായി ഹരജിക്കാർ

ഇൻഡോർ: മധ്യപ്രദേശിലെ ധാറിലുള്ള ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ സമുച്ചയത്തിന്റെ ഭൂഗർഭ അറകളിൽ ഹനുമാൻ ഉൾപ്പെടെയുള്ള ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ ശാസ്ത്രീയമായ ഖനനം നടത്തണമെന്ന ആവശ്യവുമായി ഹരജിക്കാർ രംഗത്ത്. ഭക്തർക്ക് സൗജന്യ പ്രവേശനം അനുവദിക്കണമെന്നും അവർ ഹരജിയിൽ ആവശ്യപ്പെട്ടു. പുരാവസ്തു വകുപ്പിന്റെ (എ.എസ്.ഐ) നിലവിലെ ഒരു രൂപ പ്രവേശന ഫീസ് ഈടാക്കുന്നത് നിർത്തലാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ഭോജ്ശാല ഒരു ക്ഷേത്രമാണെന്ന് മേയ് 15ന് ഹൈകോടതി അംഗീകരിച്ച സാഹചര്യത്തിൽ പ്രവേശന ഫീസ് ഈടാക്കുന്നത് കോടതി ഉത്തരവിനോടുള്ള 'അനാദരവ്' ആണെന്ന് 'ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ്' ഭാരവാഹിയും ഹരജിക്കാരനുമായ ആശിഷ് ഗോയൽ പുരാവസ്തു വകുപ്പിന് നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കൂടാതെ, സമുച്ചയത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള പൂട്ടിയിട്ട മുറി ഉടനടി തുറക്കണമെന്നും 'അനധികൃത ഇസ് ലാമിക ചിഹ്നങ്ങൾ' നീക്കം ചെയ്യണമെന്നും ഗോയൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റൊരു ഹരജിക്കാരനായ കുൽദീപ് തിവാരി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും എ.എസ്.ഐക്കും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രത്യേക അപേക്ഷ നൽകി. സമുച്ചയത്തിന് താഴെ ഹനുമാന്റെയും മറ്റ് ദേവീദേവന്മാരുടെയും വിഗ്രഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന ശക്തമായ പ്രാദേശിക വിശ്വാസമുണ്ടെന്നും, അതിനാൽ ശാസ്ത്രീയമായ ഖനനം നടത്തി ഇവ വീണ്ടെടുത്ത് ആചാരപ്രകാരം പുനഃപ്രതിഷ്ഠിക്കണമെന്നുമാണ് തിവാരിയുടെ ആവശ്യം.

മേയ് 15ലെ നാഴികക്കല്ലായ വിധിയിലാണ് ഭോജ്ശാലയുടെ മതപരമായ സ്വഭാവം 'വാഗ്ദേവി അഥവാ സരസ്വതി ക്ഷേത്രം' ആണെന്ന് ഹൈകോടതി പ്രഖ്യാപിച്ചത്. ഇവിടെ ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താനും വെള്ളിയാഴ്ചകളിൽ മുസ് ലിംകൾക്ക് നിസ്കാരം നിർവഹിക്കാനും അനുമതി നൽകിയിരുന്ന എ.എസ്.ഐയുടെ 2003 ഏപ്രിൽ 7ലെ ഉത്തരവ് കോടതി റദ്ദാക്കിയാണ് പുതിയ നടപടി. ഹൈകോടതി വിധിയെ തുടർന്ന് മേയ് 16 മുതൽ എ.എസ്.ഐ ഹിന്ദുക്കൾക്ക് ഇവിടെ നിയന്ത്രണങ്ങളില്ലാതെ ആരാധന നടത്തുന്നതിനായി പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - Permission should be given to excavate Hindu idols in underground chambers; Petitioners bring new hope amid Bhojshala controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.