ഹൈദരബാദ്: വിദ്വേഷ ചാനൽ അവതാരകരുടെ ഷോയിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം ഒരു ചാനൽ അവതാരകനെയും വിലക്കുകയോ ബഹിഷ്കരിക്കുകയോ കരിമ്പട്ടികയിൽപെടുത്തുകയോ അല്ല ചെയ്തതെന്നും മറിച്ച് അവരോട് ഗാന്ധിയൻ മാർഗത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയാണ് ചെയ്തതെന്നും പാർട്ടി വക്താവ് പവൻ ഖേര കോൺഗ്രസ് പ്രവർത്തക സമിതിക്കിടെ കൂട്ടിച്ചേർത്തു.
സമൂഹത്തിൽ വിദ്വേഷം പരത്തുന്ന ഒരാളുമായും തങ്ങൾ സഹകരിക്കില്ല. ആ മാധ്യമപ്രവർത്തകരെ തങ്ങൾ തടയില്ല. വിദ്വേഷം പടർത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവർ അതുമായി മുന്നോട്ടുപോകട്ടെ. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അവരുടെ ആ സ്വാതന്ത്ര്യത്തിൽ പങ്കാളികളാകാതിരിക്കാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കുമുണ്ട്. അവർ തങ്ങളുടെ ശത്രുക്കളല്ല. ആ 14 അവതാരകരിൽ ഒരാളെ പോലും തങ്ങൾ വെറുക്കുന്നുമില്ല. അവർക്ക് അവരുടേതായ സമ്മർദങ്ങളുണ്ടാകാം. തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞ് നാളെ അവരെല്ലാവരും നിലപാട് മാറ്റിയാൽ ഈ അവതാരകരുടെ ഷോയിൽ തങ്ങൾ പങ്കെടുക്കും.
ഇതിനെ വിലക്കെന്ന് വിളിക്കരുത്. നിസ്സഹകരണ പ്രസ്ഥാനമെന്ന് വിളിച്ചോളൂ. ഗാന്ധിയൻ രീതിയിൽ അവരുടെ മാർഗത്തോട് നിസ്സഹകരിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. നാമൊരു വഴിയിലൂടെ പതിവായി നടക്കുമ്പോൾ ആരെങ്കിലും നമുക്ക് മേൽ മാലിന്യങ്ങളെറിയുന്നുണ്ടെങ്കിൽ ആ വഴി മാറി നടക്കാൻ നമുക്ക് അവകാശമുണ്ട്. ആ സ്വാതന്ത്ര്യമാണ് പ്രതിപക്ഷം വിനിയോഗിക്കുന്നത്. ഈ വഴി മാറി നടക്കണമെന്ന് ഇൻഡ്യ സഖ്യത്തിലെ മുഴുവൻ ഘടക കക്ഷികളും ഐകകണേ്ഠ്യന തീരുമാനിച്ചതാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തീരുമാനത്തെ എതിർത്തുവെന്ന വാർത്ത ശരിയല്ലെന്നും പവൻ ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.