അമരാവതി: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ജന സേന പാർട്ടി പ്രസിഡന്റുമായ പവൻ കല്യാണിന്റെ മൂന്നു ദിവസം നീളുന്ന ക്ഷേത്ര പര്യടനം തുടങ്ങി. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ക്ഷേത്രങ്ങളാണ് സനാധന ധർമ പരിരക്ഷ ദൗത്യത്തിന്റെ ഭാഗമായുള്ള യാത്രയിൽ സന്ദർശിക്കുക.
കൊച്ചിയിൽ വിമാനമിറങ്ങിയ പവൻ ആദ്യം പോയത് ശ്രീ അഗസ്ത്യ മഹർഷി ക്ഷേത്രത്തിലേക്കാണ്. അതിനു ശേഷമായിരിക്കും തമിഴ്നാട്ടിലെ മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിലെത്തുക. വ്യാഴം, വെള്ളി ദിവസങ്ങളിലായി തമിഴ്നാട്ടിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് പവന്റെ തീരുമാനം. ശ്രീ പരശുരാമ സ്വാമി ക്ഷേത്രം, അഗസ്ത്യ ജീവ സമാധി, കുംഭേശ്വര ക്ഷേത്രം, സ്വാമിമലായ്, തിരുത്താണി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശനമുണ്ടാകും.
വൈറൽ പനിയും നട്ടെല്ലിന്റെ തേയ്മാനവും മൂലം ബുദ്ധിമുട്ടിയ പവൻ കല്യാൺ രോഗമുക്തി നേടിയ ശേഷമാണ് ക്ഷേത്ര സന്ദർശനത്തിന് തയാറെടുത്തത്. കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ചുദിവസത്തെ സന്ദർശനത്തിനായിരുന്നു പവൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആരോഗ്യം കണക്കിലെടുത്ത് പര്യടനം മൂന്ന് ദിവസത്തേക്ക് വെട്ടിച്ചുരുക്കുകയായിരുന്നു.
ചൊവ്വാഴ്ചത്തെ മന്ത്രിസഭ, സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പവൻ പങ്കെടുത്തിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞേ ഉപമുഖ്യമന്ത്രി എത്തുമെന്നും നിലവിൽ വിശ്രമത്തിലാണ് എന്നുമാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഫോണിൽ പവനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റേഞ്ചില്ലെന്നായിരുന്നു ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത്.
തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിവാദവുമായി ബന്ധപ്പെട്ട് സനാതന ധർമം സംരക്ഷിക്കപ്പെടണമെന്ന് പവൻ ആഹ്വാനം ചെയ്തിരുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെ തള്ളിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട് പവന്റെ സന്ദർശനത്തിന്. ബി.ജെ.പി നേതാവ് അണ്ണാമലൈയും പവൻ കല്യാണിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.