രാജ്യത്തെ മനസികാരോഗ്യ കേന്ദ്രങ്ങൾ പരിതാപകരമായ അവസ്ഥയിലെന്ന് മനുഷ്യാവകാശ കമീഷൻ

ന്യൂഡൽഹി: രാജ്യത്ത് സർക്കാർ നടത്തുന്ന 46 ഓളം മാനസികാരോഗ്യ കേന്ദ്രങ്ങൾ പരിതാപകരമായ അവസ്ഥയിലാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്.ആർ.സി) റിപ്പോർട്ട്. വിഷയത്തിൽ ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണ​മെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും നോട്ടീസ് നൽകി.

ഗ്വാളിയോർ, ആഗ്ര, റാഞ്ചി എന്നിവിടങ്ങളലെ നാല് സർക്കാർ ആശുപത്രികളിൽ മനുഷ്യാവകാശ കമീഷന്റെ ഫുൾ പാനൽ സന്ദർശിച്ചിരുന്നു. ശേഷിക്കുന്ന 42 ആശുപത്രികളിൽ കമീഷന്റെ പ്രതിനിധികൾ സന്ദർശിക്കുകയും സാഹചര്യങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. 2017 ലെ മാനസികാരോഗ്യ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന്റെ നിലയും സ്ഥിതിയും പരിതാപകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

‘രാജ്യത്തുടനീളമുള്ള എല്ലാ 46 സർക്കാർ മാനസികാരോഗ്യ സ്ഥാപനങ്ങളും പരിതാപകരമായ അവസ്ഥയിലാണ്. ആളുകളെ വളരെ ദയനീയമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്’ -ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

‘മാനസിക വെല്ലുവിളി നേരിടുന്നവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന അവസ്ഥയാണ് രാജ്യത്തുടനീളമുള്ള മാനസികാരോഗ്യ സ്ഥാപനങ്ങളിലുള്ളത്. മനുഷ്യത്വരഹിതവും പരിതാപകരവുമായ അവസ്ഥയാണ് കാണാനായത്. രോഗം ഭേദമായവരെ അനധികൃതമായി ആശുപത്രികളിൽ തന്നെ പാർപ്പിക്കുന്നു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമം രൂക്ഷമാണ്’ -കമീഷൻ കൂട്ടിച്ചേർത്തു.

സന്ദർശനത്തിന്റെ റിപ്പോർട്ടുകളെ തുടർന്ന് വിഷയത്തിൽ സ്വമേധയാ കേസെടുത്തുവെന്ന് കമീഷൻ അറിയിച്ചു. കൂടാതെ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ്,

ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ്, എല്ലാ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മെട്രോപൊളിറ്റൻ നഗരങ്ങളിലെ പൊലീസ് ഡയറക്ടർ ജനറൽ, പൊലീസ് കമ്മീഷണർമാർ, 46 മാനസിക ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ തുടങ്ങിയവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ആറാഴ്ചക്കുള്ളിൽ വിഷയത്തിൽ വിശദീകരണവും സ്വീകരിച്ച വിശദമായ നടപടികളുടെ റിപ്പോർട്ടുകളും നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗം ഭേദമായവരെ അവരുടെ സ്വാതന്ത്ര്യം പോലും വെട്ടിച്ചുരുക്കി മാനസികരോഗ്യ കേന്ദ്രങ്ങളിൽ നിയമ വിരുദ്ധമായി പാർപ്പിക്കുന്നത് എങ്ങനെയാണെന്ന് ചീഫ് സെക്രട്ടറിമാർ, ആരോഗ്യ സെക്രട്ടറിമാർ, യൂനിയൻ ടെറിട്ടറി അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവർ റിപ്പോർട്ട് നൽകണമെന്നും പ്രശ്ന പരിഹാരത്തിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. അത്തരത്തിൽ രോഗം മാറിയ എല്ലാവരെയും അവരുടെ വീടുകളിലേക്കോ ഷെൽട്ടർ ഹോമുകളിലേക്കോ മാറ്റണമെന്നും മനുഷ്യാവകാശ കമീഷൻ നിർദേശിച്ചു.

കൂടാതെ, മാനസികാരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബജറ്റ് വിഹിതത്തെക്കുറിച്ചും അനുവദിച്ച ഫണ്ടുകളെക്കുറിച്ചും വിശദാംശങ്ങൾ നൽകണം. സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ, വിവിധ സൗകര്യങ്ങൾ ഉൾപ്പെടുന്ന കെട്ടിടങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി, ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധരുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ സ്ഥിതി, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

താമസത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം. അടിയന്തര സേവനങ്ങളുടെ സ്ഥിതി, ഇലക്ട്രോണിക് ഡാറ്റ, മെഡിക്കൽ റെക്കോർഡുകൾ എന്നിവയുടെ സംരക്ഷണം, രോഗം ഭേദമായവരുടെ പുനരധിവാസത്തിന് സ്വീകരിച്ച നടപടികളും സംരംഭങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ, കൂടാതെ, കഴിഞ്ഞ അഞ്ച് വർഷമായി ഡിസ്ചാർജ് ചെയ്യപ്പെട്ട രോഗികളെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ, അവരുടെ പുനരധിവാസം, കുടുംബവുമായോ സമൂഹവുമായോ ഉള്ള പുനഃസമാഗമം, അവരിൽ എത്ര പേർ വീണ്ടും പുതിയ അന്തേവാസികളായി മാറി, രോഗം മാറിയിട്ടും ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം, കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ട് എന്നിവയും ഹാജരാക്കാൻ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - "Pathetic": Rights Panel On Government-Run Mental Health Hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.