മനോഹർ പരീക്കർ, അജിത് പവാർ
മുംബൈ: മലയാളി ഐ.പി.എസ് ഓഫീസറെ ഫോണിൽ ഭീഷണിപ്പെടുത്തി വിവാദത്തിൽ കുടുങ്ങിയതിനു പിന്നാലെ വീണ്ടും കെണിയിലായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ.
പുണെയിലെ നഗര പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായിരുന്നു മനോഹർ പരീക്കറിനെ കുറിച്ച് പറഞ്ഞ സ്ത്രീയോട് ‘ആരാണ് പരീക്കർ..?’ എന്ന് ചോദിച്ചാണ് അജിത് പവാർ ഇത്തവണ വിവാദത്തിൽ വീണത്.
പുണെ മുനിസിപ്പൽ കോർപറേഷൻ അധ്യക്ഷൻ നവൽ കിഷോർ റാമിനൊപ്പം, ഹദപ്സർ മണ്ഡലത്തിലെ കേശവ് നഗറിൽ നാട്ടുകാരുമായി സംവദിക്കാനെത്തിയതായിരുന്നു ഉപമുഖ്യമന്ത്രി അജിത് പവാർ. നിശ്ചയിച്ചതിലും ഏറെ സമയം വൈകിയായിരുന്നു മന്ത്രി സ്ഥലത്തെതിയത്. വൈകിയതിന് ക്ഷമ ചോദിച്ച അദ്ദേഹം, ഗതാഗത കുരുക്കുകളും, സർക്കാർ ഒഫീസുകളിലെ പ്രശ്നങ്ങളും സേവനങ്ങളും സംബന്ധിച്ച് ജനങ്ങളുടെ പരാതികൾ കേട്ടു. ഇതിനിടെയണ് ഒരു സ്ത്രീ പവാറിനോട്, അന്തരിച്ച പരീക്കറിന്റെ മാതൃക പിന്തുടരാമെന്ന് ഉപദേശിച്ചത്.
തിരക്കേറിയ സമയങ്ങൾ ഓഫീസുകളിലും, നിരത്തുകളിലും അപ്രതീക്ഷിത സന്ദർശനം നടത്തുന്നത് പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കാനും കഴിയുമെന്നായിരുന്നു സ്ത്രീയുടെ അഭിപ്രായം.
എന്നാൽ, നിർദേശം ഇഷ്ടപ്പെടാതിരുന്ന അജിത് പവാറിന്റെ മറുപടി പെട്ടന്നായിരുന്നു.
സ്ത്രീക്കു നേരെ തിരിഞ്ഞ് ‘ആരാണ് പരീക്കർ..?’ എന്നായി.
ഞാൻ പറഞ്ഞത് മുൻ ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർ പരീക്കറിനെ കുറിച്ചെന്ന് സ്ത്രീ വിശദീകരിച്ചു. ഗതാഗത പ്രശ്നങ്ങൾ സാധാരണ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നുവെന്നും, പരിഹാരം വേണമെന്നും അവർ ഉപമുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മൂന്നു തവണ ഗോവൻ മുഖ്യമന്ത്രിയായ മനോഹർ പരീക്കർ, കേന്ദ്ര പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിരുന്നു. ലാളിത്യവും ഭരണ നൈപുണ്യവും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം, ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ സ്കൂട്ടറിൽ സംസ്ഥാനം മുഴുവൻ സന്ദർശിക്കുന്നതും പതിവായിരുന്നു. അർബുദ ബാധിതനായി 2019ലായിരുന്നു മനോഹർ പരീക്കർ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.