ന്യൂഡൽഹി: പാർലമെന്റിൽ 2023ലുണ്ടായ സുരക്ഷ വീഴ്ചയിൽ ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗം നാലാമത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. അഡീഷനൽ സെഷൻസ് ജഡ്ജി അമിത് ബൻസാലിന് മുമ്പാകെയാണ് യു.എ.പി.എയുടെ കർശന വകുപ്പുകൾ ചേർത്ത് തയാറാക്കിയ 13,000 പേജുള്ള ഭീമൻ കുറ്റപത്രം സമർപ്പിച്ചത്. തുടർനടപടികൾക്കായി കോടതി കുറ്റപത്രം മേയ് 29ന് പരിഗണിക്കും.
ഭീകരപ്രവർത്തനം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കലാപത്തിനുള്ള പ്രകോപനം, ജനപ്രതിനിധികളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് ഡി. മനോരഞ്ജൻ, അമോൽ ഷിൻഡെ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നീ ആറ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2001ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായ 2023 ഡിസംബർ 13ന് പാർലമെന്റ് സമ്മേളനത്തിലെ ശൂന്യവേളയിൽ സന്ദർശക ഗാലറിയിൽനിന്ന് രണ്ടുപേർ ലോക്സഭ ചേംബറിലേക്ക് മുദ്രാവാക്യം വിളിച്ച് ചാടിയിറങ്ങി വർണപ്പുക വമിപ്പിക്കുകയായിരുന്നു.
പ്രതികൾക്കെതിരെ ഫോറൻസിക് പരിശോധന ഫലങ്ങളും ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും മറ്റു വിശദാംശങ്ങളും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. സംഭവം പ്രതീകാത്മക പ്രതിഷേധത്തിൽനിന്ന് വ്യത്യസ്തമാണെന്നും രാജ്യത്ത് ഏറ്റവും ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള പാർലമെന്റിൽ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.