ന്യൂഡൽഹി: ഗസ്സ വംശഹത്യയിൽ പ്രതികരിച്ച പ്രിയങ്ക ഗാന്ധിക്കെതിരെ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസ്റൂം നടത്തിയ പരാമർശത്തിനെതിരെ ഇൻഡ്യാ മുന്നണി നേതാക്കൾ.
പലസ്തീൻ ജനതയെ ഇസ്രായേൽ വംശഹത്യ നടത്തുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്ന് കൂറ്റപ്പെടുത്തുന്ന പ്രിയങ്കയുടെ എക്‌സ് പോസ്റ്റിന് മറുപടിയായിട്ടാണ് പ്രിയങ്കയുടേത് നാണം കെട്ട വഞ്ചനയാണെന്നടക്കമുള്ള പരമർശം റൂവൻ അസർ നടത്തിയത്.
ഇസ്രായേൽ അംബസാഡറുടെ നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോൾ ഇസ്രായേലിൽ നിന്ന് നിയന്ത്രിക്കപ്പെടാൻ തുടങ്ങിയോയെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു.
വിദേശ അംബാസഡർ ഇന്ത്യൻ പാർലമെന്റ് അംഗത്തിനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ ഗുരുതരമായ അവകാശ ലംഘനമാണെന്നും കേന്ദ്ര സർക്കാർ നിശബ്ദരാണെങ്കിലും പാർലമെന്റിന് നിഷ്‌ക്രിയ കാഴ്ചക്കാരനായി നിൽക്കാനാവില്ലെന്നും കോൺഗ്രസ് ലോക്സഭ ഉപാധ്യക്ഷൻ ഗൗരവ് ഗൊഗോയി വ്യക്തമാക്കി.
വംശഹത്യയിൽ പ്രിയങ്ക പ്രകടിപ്പിച്ച വേദനക്കും സങ്കടത്തിനും മറുപടിയായി ഇസ്രായേൽ അംബാസഡർ ഉപയോഗിച്ച വാക്കുകൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കോൺഗ്രസ് രാജ്യസഭ എം.പി ജയ്റാം രമേശ് പറഞ്ഞു.
ഇന്ത്യയിലിരുന്ന് പാർലമെന്റ് അംഗങ്ങളോട് ഈ സ്വരത്തിലും ശൈലിയിലും സംസാരിക്കാൻ ഇസ്രായേൽ അംബാസഡറെ ധൈര്യപ്പെടുത്തുന്നത് എങ്ങനെയെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.