‘പപ്പാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...’; പിതാവുമായുള്ള എയർ ഹോസ്റ്റസിന്‍റെ അവസാന ഫോൺ സംഭാഷണം പുറത്ത്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ച വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ബുധനാഴ്ച രാവിലെ 8.45ഓടെ ബാരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നുവീഴുകയായിരുന്നു.

ഡൽഹി ആസ്ഥാനമായുള്ള വി.എസ്.ആർ വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിന്റെ ചെറുവിമാനമാണ് അപകടത്തിൽ കത്തിനശിച്ചത്. മുംബൈയിൽനിന്ന് രാവിലെ എട്ടിനാണ് പൊതുപരിപാടിയിൽ പങ്കെടുക്കാനായി അജിതും അംഗരക്ഷകർ ഉൾപ്പെടെ നാലു പേരും വിമാനത്തിൽ യാത്ര തിരിച്ചത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായി ഫ്ലൈറ്റ് അറ്റൻഡർ പിങ്കി മാലി, പിതാവ് ശിവകുമാർ മാലിയെ ഫോണിൽ വിളിച്ചിരുന്നു.

ഇരുവരുടെയും ഫോൺ സംഭാഷണം പുറത്തുവന്നു. ‘പപ്പാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുകയാണ്. അദ്ദേഹത്തെ അവിടെ ഇറക്കിയതിനുശേഷം നന്ദേഡിലേക്ക് പോകും. നമുക്ക് നാളെ സംസാരിക്കാം’ - മുംബൈ വർളി സ്വദേശിയായ പിങ്കി പിതാവിനോട് ഫോണിൽ പറഞ്ഞു. ജോലി കഴിഞ്ഞതിനുശേഷം നമുക്ക് നാളെ സംസാരിക്കാമെന്ന് പിതാവ് മറുപടി നൽകി. എന്നാൽ, മകളുടെ ഫോണിനു പകരം മരണവാർത്തയാണ് എത്തിയത്.

ജോലി കഴിഞ്ഞതിനുശേഷം നാളെ സംസാരിക്കാമെന്ന് ഞാൻ മകളോട് പറഞ്ഞു. എന്നാൽ, ആ നാളെ ഇനി ഒരിക്കലും വരില്ല - കണ്ണീരോടെ ശിവകുമാർ പറയുന്നു. അടുത്തിടെ ശിവകുമാറിന്‍റെ വിമാനയാത്രകളിലെല്ലാം മകളുണ്ടായിരുന്നു. മകളെ നഷ്ടമായി. ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അപകടത്തെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങളൊന്നും അറിയില്ല. പൂർണമായി തകർന്നിരിക്കുകയാണ്. അന്ത്യകർമങ്ങൾ നടത്താനായി മകളുടെ മൃതദേഹം വേണം. ആ ആഗ്രഹം മാത്രമേയുള്ളൂവെന്നും ശിവകുമാർ പറയുമ്പോൾ കേട്ടുനിന്നവരുടെ കണ്ണും നിറഞ്ഞു.

അജിത് പവാറിനെ കൂടാതെ, സുരക്ഷ ജീവനക്കാരൻ വിദീപ് യാദവ്, ഫ്ലൈറ്റ് അറ്റൻഡന്‍റ് പിങ്കി മാലി, പൈലറ്റുമാരായ സുമിത് കപൂർ, ശംഭവി പഥക് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുണ ജില്ലയിലെ വിവിധ റാലികളിൽ പങ്കെടുക്കാനാണ് അജിത് ബാരാമതയിലേക്ക് പോയത്.

Tags:    
News Summary - Papa, I'm Flying With Ajit Pawar To Baramati": Crew Member's Last Call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.