ഗോകുണ്ടയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ

പുലി ആക്രമണത്തിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ; റോഡ് ഉപരോധിച്ച് നാട്ടുകാർ

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ വനമേഖലക്ക് സമീപത്തുള്ള ഗ്രാമത്തിൽ 24 മണിക്കൂറിനിടെ പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതോടെ പ്രദേശ വാസികൾ പ്രക്ഷോഭമാരംഭിച്ചു. ഉൻദിതാൽ ഗ്രാമത്തിൽനിന്നുള്ള 16കാരിയും മരുന്നുചെടി തേടി വനത്തിലെത്തിയ ഭെവാഡിയ ഗ്രാമവാസിയായ 51കാരനും വ്യാഴാഴാഴ്ച കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉമരിയ ഗ്രാമത്തിലെ യുവതിയുടെ മൃതദേഹം മൂന്ന് കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. ഗോകുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൂന്ന് ആക്രമണങ്ങളുമുണ്ടായത്. ഇതോടെ പ്രദേശത്ത് ഇക്കഴിഞ്ഞ ജൂൺ മുതൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധമുൾപ്പെടെ നടത്തി. ഗോകുണ്ട -ഉയ്പൂർ ഹൈവേ മൂന്ന് മണിക്കൂറാണ് ഉപരോധിച്ചത്. നരഭോജി പുലികളെ കണ്ടെത്തി കൊലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ആക്രമണം നടത്തിയ പുലികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദയ്പൂർ വനമേഖലയിലെ ആവാസ വ്യവസ്ഥ തകർന്നിട്ടുണ്ടെന്നും, വനമേഖലയിൽ ഇരയെ ലഭിക്കാതെ വന്നതോടെയാണ് വന്യജീവികൾ പുറത്തിറങ്ങിയതെന്നും ഡി.എഫ്.ഒ മുകേഷ് സൈനി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

“ഉദയ്പൂർ വനമേഖലയിൽ ഇരുനൂറോളം പുലികൾ ഉള്ളതായാണ് കണക്ക്. എന്നാൽ നിലവിൽ അവയ്ക്ക് ആവശ്യമായ അളവിൽ ഇര വനത്തിൽ ലഭ്യമല്ല. ഇതാണ് വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നത്. മേഖലയിൽ ജനസംഖ്യ ഉയരുന്നതും റോഡ് ഉൾപ്പെടെയുള്ള വികസന പ്രവൃത്തികളും ഇതിനു കാരണമാകുന്നുണ്ട്. മൂന്നുപേരെ ആക്രമിച്ച പുലികളെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മേഖലയിലെ മനുഷ്യ -വന്യജീവി സംഘർഷം കുറക്കാനുള്ള പദ്ധതികളെ കുറിച്ച് ആലോചിച്ചുവരികയാണ്” -മുകേഷ് സൈനി പറഞ്ഞു.

Tags:    
News Summary - Panic in Udaipur villages after leopard attacks kill 3 in less than 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.