ചെന്നൈ: തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനങ്ങൾ ലേലംവിളിയിലൂടെ ഉറപ്പിക്കുന്നു. രാമനാഥപുരം ജില്ലയിലെ പുതുക്കോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം 60 ലക്ഷം രൂപക്കും 10 സെൻറ് സ്ഥലത്തിനും ലേലം വിളിയിലൂടെ ധാരണയായി. കടലൂർ ജില്ലയിലെ നടുക്കുപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി 50 ലക്ഷം രൂപ നൽകാമെന്നേറ്റ അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവായ ആർ. ശക്തിവേലിനെ നിശ്ചയിച്ചു.
15 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ഡി.എം.ഡി.കെയിലെ മുരുകൻ ൈവസ് പ്രസിഡൻറ് സ്ഥാനവും ഉറപ്പിച്ചു. ഏനാദി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം അഞ്ചു ലക്ഷം രൂപക്കാണ് പോയത്. പെരമ്പലൂർ ജില്ലയിലെ ആലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം 25 ലക്ഷം രൂപക്കും.ജനാധിപത്യമൂല്യങ്ങളും തെരഞ്ഞെടുപ്പ് നിയമങ്ങളും കാറ്റിൽപറത്തി നടത്തിയ ലേലംവിളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കലക്ടർ വി. അൻപുശെൽവൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലും ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്.
ഡിസംബർ 27, 30 ദിവസങ്ങളിൽ രണ്ടു ഘട്ടമായാണ് തമിഴ്നാട്ടിലെ 27 ജില്ലകളിൽ ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്ക് തെരഞ്ഞെടുപ്പ്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനെ വോട്ടർമാർ നേരിട്ടാണ് തെരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസം ഗ്രാമമുഖ്യരാണ് പൊതുജനങ്ങളുടെ യോഗം വിളിച്ചുകൂട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് ലേലംവിളി നടത്തിയത്. ഏറ്റവും കൂടുതൽ തുക സംഭാവന നൽകുന്ന വ്യക്തി തെരഞ്ഞെടുക്കപ്പെടും. ഇയാൾക്കെതിരെ ആരും നാമനിർദേശപത്രിക സമർപ്പിക്കില്ല. തുടർന്ന് െഎകകണ്ഠ്യേനയാവും തെരഞ്ഞെടുപ്പ്. ഗ്രാമത്തിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികൾക്കും മറ്റു ക്ഷേമ പരിപാടികൾക്കുമായാണ് ലേല തുക വിനിയോഗിക്കുക. മുൻകാലങ്ങളിലും ഇത്തരത്തിലായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.