വിശ്വാസ വോട്ടെടുപ്പ്: തമിഴ്നാട് നിയമസഭാ സ്പീക്കര്‍ക്ക്​ ഹൈകോടതിയുടെ നോട്ടീസ്

ചെന്നൈ: എടപ്പാടി കെ.പളനിസാമി സര്‍ക്കാരിന്‍െറ വിശ്വാസ വോട്ടെടുപ്പിനെതിരെ നല്‍കിയ ഹര്‍ജികളില്‍ മറുപടി തേടി തമിഴ് നാട് നിയമസഭാ സ്പീക്കര്‍ക്ക്​ മദ്രാസ് ഹൈക്കോടതി നോട്ടീസ്. സഭയിലെ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിയമസഭാ സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു. വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഡി.എംകെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിനും മറ്റ് രണ്ടുപേരും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളുടെ വിചാരണയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരങ്ങിയ ബെഞ്ചിന്‍െറ ഉത്തരവ്.

മുഖ്യമന്ത്രി എടപ്പാടി.കെ പളനിസാമി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും മറുപടി നല്‍കാന്‍ നോട്ടീസ് അയച്ചു. ഹര്‍ജിക്കാരനായ പ്രതിപക്ഷ നേതാവ്  സ്റ്റാലിനോട് വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കഴിഞ്ഞ വിചാരണ വേളയില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കടമകള്‍ നിര്‍വഹിക്കുന്നതിനിടെ തെളിവുകള്‍ സ്വയം ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്ന്​ സ്റ്റാലിന്‍െറ അഭിഭാഷകന്‍ ബോധിപ്പിച്ചു. വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി  നല്‍കാന്‍ നിയസഭാ സെക്രട്ടറിക്ക്​ അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സ്പീക്കര്‍ പി. ധനപാലിനും സെക്രട്ടറിക്കും കോടതി നിര്‍ദ്ദേശം നല്‍കിയത്. മാര്‍ച്ച് പത്തിന് കേസ് പരിഗണിക്കും.   

അതേസമയം അനധികൃത സ്വത്ത് സമ്പാദനകേസിലെ വിചാരണ കോടത വിധി സുപ്രീംകോടതി ശരിവെച്ച സാഹചര്യത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം സര്‍ക്കാര്‍ ഒഫീസുകളില്‍ നിന്ന്​ നീക്കണമെന്നും ജനക്ഷേമ പദ്ധതികളില്‍ നിന്ന് അവരുടെ പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളില്‍ മാര്‍ച്ച് 20നകം മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രഥമ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഡി.എം.കെ നിയമസഭാംഗം ജെ. അന്‍പഴകനും അഡ്വക്കേറ്റ്സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്‍റ് കെ. ബാലു  എന്നിവരാണ് ഹര്‍ജി നല്‍കിയത്. ജയലളിതയുടെ ചിത്രം സ്വകാര്യ സ്ഥാപനത്തിലോ പാര്‍ട്ടി ഓഫീസിലോ അല്ലെന്നും പൊതുസ്ഥാപനങ്ങളിലാണെന്നും ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. ജയലളിതയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതാണ്​. അങ്ങനെയുള്ളവർ ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്നും മരണം സംഭവിച്ചതോടെയാണ്  അവര്‍ക്ക് ജയില്‍ വാസത്തില്‍ നിന്നും രക്ഷപെടാനായതെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പി. വില്‍സണ്‍ അദ്ദേഹം കോടതിയെ അറിയിച്ചു.

 

 

 

 

Tags:    
News Summary - palani swami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.